പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സര്‍ക്കാര്‍ നേട്ടങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും: എന്‍.വൈ.എല്‍

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി സര്‍ക്കാര്‍ നേട്ടങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കും: എന്‍.വൈ.എല്‍

കോഴിക്കോട്: മലബാറില്‍ വര്‍ഷങ്ങളായി തുടരുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനാവാത്തത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി റഷീദും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്ലസ് വണ്‍ സീറ്റിനായി കാത്തിരിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മുസ്‌ലിം ലീഗിന്റെ നിലപാട് പരിഹാസ്യമാണ്. സംസ്ഥാന ചരിത്രത്തില്‍ ഏറ്റവുമധികം കാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ലീഗ് നേതൃത്വത്തിനായിട്ടില്ലെന്നവര്‍ കുറ്റപ്പെടുത്തി.
മലബാറിന്റെ വിദ്യാഭ്യാസ പ്രതിസന്ധിയുടെ ഉത്തരവാദിത്തം ലീഗ് നേതൃത്വം ഏറ്റെടുക്കണം. പ്രഫ. കാര്‍ത്തികേയന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറുത്തുവിടണം. സീറ്റുകളുടെ എണ്ണം കൂട്ടുന്നതിന്‌ പകരം അധികബാച്ച് അനുവദിച്ച് പ്രശ്‌നം പരിഹരിക്കണം, സംഘപരിവാര്‍ ഭീകരതക്കെതിരേയും കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ വിഭജന അജണ്ടകള്‍ക്കെതിരേയും സംഘടിപ്പിച്ചുവരുന്ന സെക്കുലര്‍ ഇന്ത്യ ക്യാംപയിന്റെ ഭാഗമായി ഡിസംബറില്‍ കോഴിക്കോട്ട് വെച്ച് സെക്കുലര്‍ ഇന്ത്യ യൂത്ത് കോണ്‍ക്ലേവ് നടത്തും. ഇതിന്റെ ഭാഗമായി സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ 14 ജില്ലകളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
സെക്കുലര്‍ ഫെസ്റ്റ്, സെക്കുലര്‍ യൂത്ത് മീറ്റ്, ലഹരിവിരുദ്ധ ക്യാംപയിന്‍, ലിറ്ററേച്ചര്‍ ഫെസ്റ്റ് സെമിനാറുകള്‍, സംവാദങ്ങള്‍, ജില്ലാ കണ്‍വന്‍ഷനുകള്‍, സംസ്ഥാന പ്രതിനിധി സമ്മേളനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. സമരോത്സുകയുവത്വം, സര്‍ഗാത്മക വിപ്ലവം എന്ന സന്ദേശമുയര്‍ത്തി നേരിന്റെ പങ്കാളിയാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 30 വരെ മെംബര്‍ഷിപ്പ് ക്യാംപയിന്‍ നടത്തും.
ആഗസ്റ്റ് 10ന് കോഴിക്കോട്ട് വെച്ച് മെംബര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനായും ഓഫ്‌ലൈനായും സംഘടിപ്പിക്കുന്ന ക്യാംപയിനിന്റെ ആദ്യഘട്ടത്തില്‍ 30,000 പേരെ അംഗങ്ങളാക്കും. വാര്‍ത്താ സമ്മേളനത്തില്‍ നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാലിഹ് ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി ഒ.പി റഷീദ്, സംഘടന സ്റ്റേറ്റ് ഇന്‍ചാര്‍ജ് സയ്യിദ് ഷബീല്‍ ഐദ്രൂസി തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഷംസീര്‍ കരുവന്‍തിരുത്തി, ഓര്‍ഗനൈസിങ് സെക്രട്ടറി നസ്‌റുദീന്‍ മജീദ്, കലാം നീരോല്‍പ്പാലം (സെക്രട്ടറി) എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *