ഉളിക്കൽ (കണ്ണൂർ): കണ്ണൂർ ജില്ലയിലെ മണിക്കടവ്, വട്ട്യാംതോട്, നുച്യാട് പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് മൂന്ന് പ്രധാനപാലങ്ങൾ വെള്ളത്തിനടിയിലായി.വട്ട്യാംതോട്, മാട്ടറ, വയത്തൂർ പാലങ്ങളിലാണ് വെള്ളം കയറിയത്. ഇതോടെ മണിക്കടവ്, മണിപ്പാറ, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കർണാടക വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെത്തുടർന്നാണ് പുഴകൾ കരകവിഞ്ഞത്.
ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള ഗതാഗതം നിർത്തിവെച്ചിരിക്കുകയാണ്. ഒട്ടേറെ കടകൾ വെള്ളത്തിലായി. ഏക്കർ കണക്കിന് പ്രദേശത്ത് കൃഷി നശിക്കുകയും ചെയ്തു.
മഴ വീണ്ടും ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിലും പുഴയരികിലും താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഉളിക്കൽ പഞ്ചായത്ത് അധികൃതരുടെ നിർദേശം. നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് ഉളിക്കൽ പോലീസും റവന്യൂ അധികൃതരും ആവശ്യപ്പെട്ടു.