കാലിഫോർണിയ: സോഷ്യൽ മീഡിയാ വെബ്സൈറ്റായ ട്വിറ്റർ റീബ്രാന്റ് ചെയ്തു. ട്വിറ്റർ.കോം ഇനി എക്സ് .കോം (x.com) എന്നാണ് അറിയപ്പെടുക. ഞായറാഴ്ചയാണ് ട്വിറ്റർ റീബ്രാന്റ് ചെയ്യുന്ന വിവരം കമ്പനി ഉടമയായ ഇലോൺ മസ്കും ട്വിറ്റർ സിഇഒ ലിൻഡ യക്കരിനോയും അറിയിച്ചത്. തിങ്കളാഴ്ച മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുമെന്നായിരുന്നു പ്രഖ്യാപനം.
ട്വിറ്ററിന്റെ ലോഗിൻ പേജിലും ഹോം പേജിൽ ഇടത് വശത്ത് മുകളിലായും ഉണ്ടായിരുന്ന പക്ഷിയുടെ ലോഗോ മാറ്റി X എന്ന പുതിയ ലോഗോ ആക്കി. വെബ്സൈറ്റ് തുറന്നുവരുമ്പോഴും എക്സ് എന്ന് കാണിക്കുന്നുണ്ട്. ട്വിറ്ററിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പ്രൊഫൈൽ ചിത്രം പക്ഷിയുടെ ലോഗോ മാറ്റി പുതിയ ലോഗോ വെച്ചു. ട്വിറ്റർ ഹാന്റിലിന്റെ പേര് X എന്നാക്കി മാറ്റുകയും ചെയ്തു.
ഇതോടെ കമ്പനിക്ക് കീഴിലുള്ള ഔദ്യോഗിക വെരിഫൈഡ് അക്കൗണ്ടുകൾക്കൊപ്പമുള്ള കമ്പനി ബാഡ്ജും പുതിയ ലോഗോ ആയി മാറി. മസ്കിന്റേയും, സിഇഒ ലിൻഡ യക്കരിനോയുടെയും ഔദ്യോഗിക അക്കൗണ്ടിൽ ഇപ്പോൾ ഈ ലോഗോ ആണുള്ളത്. കൂടുതൽ മാറ്റങ്ങൾ വരും ദിവസങ്ങളിൽ അവതരിപ്പിച്ചേക്കും.