കോഴിക്കോട്: ഏകസിവില്‍ കോഡിനെതിരേ മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാര്‍ 26ന് ബുധനാഴ്ച വൈകീട്ട് നാലിന് അബ്ദുറഹ്‌മാന്‍ സാഹിബ് മെമ്മോറിയല്‍ കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുമെന്ന് സെമിനാര്‍ കോര്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏക സിവില്‍ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങള്‍ എന്ന ശീര്‍ഷകത്തിലാണ് സെമിനാര്‍. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ. മാ. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്യും.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയാകും. ഏക സിവില്‍കോഡ് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഇത് ബാധിക്കുമെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ് മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഒരു ദേശീയ പ്രശ്‌നമെന്ന നിലയില്‍ ഏക സിവില്‍കോഡിനെ സമീപിക്കാനും സമൂഹത്തില്‍ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാനും സെമിനാര്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സംഘടനാ നേതാക്കള്‍ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ മതമേലധ്യക്ഷന്മാര്‍ സെമിനാറില്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ (സെമിനാര്‍ കോര്‍കമ്മിറ്റി ചെയര്‍മാന്‍), നാസര്‍ ഫൈസി കൂടത്തായി, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ശിഹാബ് പൂക്കോട്ടൂര്‍, സി. മരക്കാര്‍കുട്ടി, കെ. സജ്ജാദ്, റഫീഖ് നല്ലളം എന്നിവര്‍ പങ്കെടുത്തു.