കോഴിക്കോട്: സ്ത്രീവിമോചന പ്രവര്‍ത്തനം എന്നാല്‍ പുരുഷന്മാരെ നേരെയാക്കാനുള്ള ഉത്തരവാദിത്തം കൂടിയുണ്ടെന്ന് സാഹിത്യകാരന്‍ കെ.പി രാമനുണ്ണി.
ദര്‍ശനം സാംസ്‌കാരിക വേദി, കേന്ദ്ര സാഹിത്യ അക്കാദമി ന്യൂഡല്‍ഹിയുടെ സഹകരണത്തോടെ നാരി ചേതന അസ്മിത പരിപാടിയുടെ ഭാഗമായി നടത്തിയ 50 വനിത എഴുത്തുകാര്‍ക്കായുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നാഗരികത ഏറ്റവും ദുഷിക്കുന്നത് അവിടെ സ്ത്രീ അരക്ഷിതാവസ്ഥയിലെത്തുമ്പോഴാണ്. രാജ്യത്തെ സ്ത്രീകളെ വിവസ്ത്രയാക്കി ദുഷിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നാരി ചേതനയ്ക്കായി ഒത്തുകൂടുന്നത്. കൂടുതല്‍ ദുഷിക്കാന്‍ സമ്മതിക്കാതെ സ്ത്രീകളുടെ സ്വത്വവും വ്യക്തിത്വവും ഉയര്‍ത്തി പിടിക്കുമെന്ന് ശപഥത്തോടു കൂടിയാകണം ഈ കൂടിച്ചേരലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദര്‍ശനം എം.എന്‍ സത്യാര്‍ഥി ഹാളില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരി ഡോ. ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. സ്ത്രീയുടെ ആത്മശക്തി മാറ്റിമറിക്കാന്‍ വനിതാ സാഹിത്യ ചര്‍ച്ചയ്ക്ക് കഴിയുമെന്ന് ഖദീജ മുംതസ് പറഞ്ഞു. കവി കണിമോള്‍, ചിത്രകാരിയും എഴുത്തുകാരിയുമായ കവിത ബാലകൃഷ്ണന്‍, എഴുത്തുകാരി മൈന ഉമൈബാന്‍ എന്നിവരുമായി അവരുടെ എഴുത്തിന്റെ വഴികളെ കുറിച്ച് സംവാദം നടത്തി. ചടങ്ങില്‍ കവിത ബാലകൃഷ്ണന്‍ തത്സമയ ചിത്രവും വരച്ചു.
ദര്‍ശനം പ്രസിഡന്റ് പി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും സെക്രട്ടറി എം.എ ജോണ്‍സണ്‍ നന്ദിയും പറഞ്ഞു.