ന്യൂഡല്‍ഹി: യമുനയിലെ ജലനിരപ്പ് വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക. ഡല്‍ഹിയടക്കമുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. യമുനയുടെ ജലനിരപ്പ് രാവിലെ ഏഴ് മണിയോടെ 205.81 മീറ്ററിലെത്തി. 206.7 മീറ്റര്‍ ഉയരത്തില്‍ നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ജല കമ്മീഷന് മുന്നറിയിപ്പ് നല്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഇന്ന് വൈകുന്നേരം 4 മണിയോടെ ഒഴിപ്പിക്കും. യമുനയിലെ ജലനിരപ്പ് പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചു.
ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ചില ഭാഗങ്ങളില്‍ കനത്ത മഴയുണ്ടായതിനെ തുടര്‍ന്ന് ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്ന് യമുന നദിയിലേക്കുള്ള നീരൊഴുക്ക് കൂടിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ശനിയാഴ്ച രാത്രി 10 മണി വരെ, യമുനയുടെ ഏറ്റവും ഉയര്‍ന്ന നില 205.02 മീറ്ററായിരുന്നു. ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് തുറന്നുവിട്ട അധികജലം ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ഡല്‍ഹിയിലെത്തിയത്.
ഡല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ സജീവമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതായി ഡല്‍ഹി പിഡബ്ല്യുഡി മന്ത്രി അതിഷി പറഞ്ഞു. മധ്യ, കിഴക്കന്‍ ജില്ലകളിലും യമുന നദിക്ക് സമീപമുള്ള യമുന ബസാര്‍, യമുന ഖാദര്‍ എന്നിവിടങ്ങളിലും അധികൃതര്‍ കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരാഴ്ചയിലേറെയായി ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളക്കെട്ടും വെള്ളപ്പൊക്കവും മൂലം പൊറുതിമുട്ടുകയാണ്. 27,000-ത്തിലധികം ആളുകളെയാണ് ഇതുവരെ ഒഴിപ്പിച്ചത്. വരുമാനയിനത്തില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളില്‍ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.