മഹല്ലുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകണം: വിസ്ഡം മസ്ജിദ് കോണ്‍ഫറന്‍സ്

മഹല്ലുകള്‍ ജനസൗഹൃദ കേന്ദ്രങ്ങളാകണം: വിസ്ഡം മസ്ജിദ് കോണ്‍ഫറന്‍സ്

കോഴിക്കോട്: സമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ അന്വേഷണങ്ങള്‍ക്ക് മഹല്ലുകള്‍ പരിഹാരകേന്ദ്രങ്ങളായി മാറണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മസ്ജിദ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ആരാധനാകര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നതോടൊപ്പം സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളായി മാറാന്‍ മഹല്ല് സംവിധാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.
പള്ളികള്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മഹല്ലുകള്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും പള്ളികളില്‍ യാത്രക്കാര്‍ക്ക് വിശ്രമകേന്ദ്രങ്ങളൊരുക്കുവാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങളാകുന്ന വിധം മഹല്ലുകളില്‍ ക്രമീകരണങ്ങള്‍ ഒരുക്കുവാനുമുള്ള ബാധ്യത നാം വിസ്മരിക്കരുതെന്നും മസ്ജിദ് കോണ്‍ഫറന്‍സ് ഓര്‍മ്മപ്പെടുത്തി.
മണിപ്പൂരിലെ വംശീയഹത്യ അവസാനിപ്പിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നും ഇത് സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും മസ്ജിദ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മണിപ്പൂരിലെ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, ക്രൈസ്തവ ആരാധനാ കേന്ദ്രങ്ങള്‍ക്കുമെതിരേ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാന്‍ ജുഡീഷ്യറി സ്വമേധയാ ഇടപെടണമെന്നും കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
അതിക്രമങ്ങളും, ലഹരി ഉപയോഗവും വ്യാപകമാകുന്നതിനെതിരേ മഹല്ലുകള്‍ ജാഗ്രത പാലിക്കണം. ആര്‍ഭാടങ്ങള്‍ സമൂഹത്തിന്റെ വിനാശത്തിന് വഴിവെക്കുമെന്നും ലാളിത്യമാണ് സമൂഹത്തിന്റെ സുഖമമായ പ്രയാണത്തിന് അനിവാര്യമെന്ന സന്ദേശം കൈമാറണമെന്നും കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ഹാരിസ്ബ്നു സലീം അധ്യക്ഷത വഹിച്ചു. ലജ്നത്തുല്‍ ബുഹൂഥില്‍ ഇസ്ലാമിയ്യ ചെയര്‍മാനും വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ജന: സെക്രട്ടറി ടി.കെ അശ്റഫ്, അബ്ദുല്‍ മാലിക് സലഫി, സി.പി സലീം, അബ്ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ. സജ്ജാദ്, പി.വി ജലീല്‍ ഓതായി, ആസാദ് പീരുമേട്, എ. നിസാര്‍ കരുനാഗപ്പള്ളി പി.യു സുഹൈല്‍, മുജീബ് ഒട്ടുമ്മല്‍, അശ്റഫ് കല്ലായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *