മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത ബഹുമതി: കാന്തപുരത്തിന് പ്രൗഢോജ്ജ്വലമായ പൗരസ്വീകരണം

മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത ബഹുമതി: കാന്തപുരത്തിന് പ്രൗഢോജ്ജ്വലമായ പൗരസ്വീകരണം

കോഴിക്കോട്: ലോക മുസ്ലിം പണ്ഡിതര്‍ക്കുള്ള മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ ടോക്കോമാല്‍ ഹിജ്‌റ പുരസ്‌കാരം നേടിയ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കിയ പൗരസ്വീകരണം പ്രൗഢമായി. വിദ്യാഭ്യാസ, മത, സാമൂഹിക രംഗത്തെ ആറു പതിറ്റാണ്ട് നീണ്ട നിസ്തുല സേവനങ്ങള്‍ക്ക് സമൂഹം നല്‍കുന്ന ആദരവ് വിളിച്ചറിയിക്കുന്നതായിരുന്നു സ്വീകരണച്ചടങ്ങുകള്‍. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടി നല്‍കി പ്രവര്‍ത്തകര്‍ കാന്തപുരത്തെ മര്‍കസിലേക്ക് ആനയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിലും പൗരാവലിയുടെ ആഭിമുഖ്യത്തില്‍ മര്‍കസിലും നല്‍കിയ വരവേല്‍പ്പിലും സ്വീകരണത്തിലും ആയിരങ്ങള്‍ സംബന്ധിച്ചു.

ലോകസമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതര്‍ക്കായാണ് എല്ലാ ഹിജ്‌റ വര്‍ഷാരംഭത്തിലും മലേഷ്യന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ടോക്കോമാല്‍ ഹിജ്‌റ അവാര്‍ഡ് നല്‍കുന്നത്. ഇക്കഴിഞ്ഞ ദിവസം ക്വാലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായാണ് കാന്തപുരത്തിന് അവാര്‍ഡ് സമ്മാനിച്ചത്. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം.

സ്വദേശത്തും വിദേശത്തും ഇസ്ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥര്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അര്‍പ്പിച്ച അമൂല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് കാന്തപുരത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യന്‍ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ഇസ്ലാമിക അധ്യാപനങ്ങള്‍ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങള്‍ക്ക് അത് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തിയിട്ടുണ്ട്. സിറിയന്‍ പണ്ഡിതന്‍ ഡോ. വഹബാ മുസ്തഫ അല്‍ സുഹൈലി, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്‌മദ് മുഹമ്മദ് അല്‍ ത്വയ്യിബ്, മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഹിജ്‌റ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ പ്രധാനികള്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സ്വീകരണ സംഗമത്തില്‍ എംകെ രാഘവന്‍ എം.പി അധ്യക്ഷത വഹിച്ചു. സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ മതേതരത്വവും സൗഹൃദാന്തരീക്ഷവും കാത്തുസൂക്ഷിക്കുന്നതില്‍ കാന്തപുരം ഉസ്താദ് വഹിച്ച പങ്ക് വളരെ വലുതാണെന്നും ഇന്ത്യയുടെ യശ്ശസ്സ് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഉസ്താദിന് സാധിക്കുന്നത് മഹത്തരമാണെന്നും വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. മന്ത്രി പി എ മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി. അഡ്വ. പി.ടി.എ റഹീം എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, കെകെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സ്വാമി ഗോപാല ആചാര്യ, മജീദ് കക്കാട്, ഡോ. അബ്ദുസ്സലാം സംസാരിച്ചു. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, വിപിഎം ഫൈസി വില്യാപ്പള്ളി, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, കെഎംകെ ഫൈസി, അബൂഹനീഫല്‍ ഫൈസി തെന്നല, മുഹ്യിദ്ദീന്‍ കുട്ടി ബാഖവി പൊന്മള, അബ്ദുന്നാസര്‍ അഹ്സനി ഒളവട്ടൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ സൈഫുദ്ദീന്‍ ഹാജി, സയ്യിദ് സ്വാലിഹ് ജിഫ്രി, ഷിബു അബൂബക്കര്‍, സ്‌ട്രോങ്ങ് ലൈറ്റ് നാസര്‍ ഹാജി സലീം മടവൂര്‍, പി മുഹമ്മദ് യൂസുഫ് സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *