കോഴിക്കോട്: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ മാനവിക വീക്ഷണത്തിനും ഇടപെടലുകള്‍ക്കുമുള്ള അംഗീകാരമാണ് മലേഷ്യന്‍ പരമോന്നത ബഹുമതിയെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. രാജ്യം നേരിടുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടുവെക്കുന്ന മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ് നടത്തുന്ന ഇടപെടലുകള്‍ ശ്രദ്ധേയമാണ്. പൗരത്വ നിയമ ഭേദഗതി കാലത്തും ഏക സിവില്‍കോഡിന്റെ ഈ ഘട്ടത്തിലും പൊതുസമൂഹത്തോടൊപ്പം നിന്ന് അവയെ ചെറുക്കാന്‍ ഉസ്താദ് മുന്നില്‍ നിന്നു. സമുദായങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവുമ്പോള്‍ അവര്‍ക്കിടയില്‍ ഐക്യവും രഞ്ജിപ്പും ഉണ്ടാവാന്‍ കാന്തപുരം ഉസ്താദ് നേരിട്ട് രംഗത്തിറങ്ങിയത് നേരിട്ടുകണ്ട അനുഭവം തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉസ്താദിന്റെ സാമൂഹ്യ ഇടപെടലുകളിലും ഭാവി പ്രവര്‍ത്തനങ്ങളിലും കരുത്തും ഊര്‍ജവും പകരാന്‍ ഈ പുരസ്‌കാരം വഴിയൊരുക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.