മണിപ്പൂരില്‍ പതിനെട്ടുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെണ്‍കുട്ടിയെ അക്രമികള്‍ക്ക് കൈമാറിയത് സ്ത്രീകള്‍

മണിപ്പൂരില്‍ പതിനെട്ടുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പെണ്‍കുട്ടിയെ അക്രമികള്‍ക്ക് കൈമാറിയത് സ്ത്രീകള്‍

സംഭവം മെയ് 15ന്

ഇംഫാല്‍: പതിനെട്ടുകാരിയെയും മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മെയ് 15ന് ഇംഫാല്‍ ഈസ്റ്റിലാണ് സംഭവം നടന്നത്. ജൂലൈ 21നാണ് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുന്നത്. ‘മണിപ്പൂരിലെ അമ്മമാര്‍’ എന്നറിയപ്പെടുന്ന മീരാ പൈബിസ് എന്ന ഒരു സംഘം സ്ത്രീകള്‍ കറുത്ത വസ്ത്രം ധരിച്ച ആയുധധാരികളായ നാല് പുരുഷന്മാര്‍ക്ക് തന്നെ കൈമാറുകയായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി എഫ്.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടി ഇപ്പോള്‍ നാഗാലാന്‍ഡില്‍ ചികിത്സയിലാണ്.

രണ്ട് കുകി സ്ത്രീകളെ നഗ്‌നാരാക്കി നടത്തിയ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കിയത്. മെയ് 15 ന് നടന്ന സംഭവത്തിന് പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കാങ്‌പോക്പി പോലിസ് ആക്രമണം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അധികാരപരിധി പരിഗണിക്കാതെയാണ് സീറോ എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്യുന്നത്. കേസ് ഇംഫാല്‍ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അതിനിടെ മേയ്തികള്‍ മണിപ്പൂര്‍ വിടണമെന്ന വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *