കോഴിക്കോട്: കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോക ബ്ലോഗര്‍മാരിലൂടെ അറിയിക്കാന്‍ ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് സംഘടിപ്പിച്ച കേരള ബ്ലോഗര്‍ എക്‌സ്പ്രസ് യാത്ര സംഘം സി.വി.എന്‍ കളരി സന്ദര്‍ശിച്ചു.
മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടെ സി.വി.എന്നില്‍ എത്തിയ സംഘത്തെ കെ. സുനില്‍ കുമാര്‍ ഗുരുക്കള്‍, കെ. അനില്‍ ഗുരുക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കളരി പയറ്റ് നേരിട്ട് കണ്ട ബ്ലോഗര്‍മാര്‍ അവ പരിശീലിക്കാനും താല്‍പ്പര്യം പ്രകടിപ്പിച്ചു. സുനില്‍ ഗുരുക്കളുടെ ശിഷ്യന്മാര്‍ ചേര്‍ന്ന് അഭ്യാസ പ്രകടനം ബ്ലോഗര്‍മാര്‍ക്ക് വേറിട്ട അനുഭവമായി. ചില അഭ്യാസ പ്രകടനം ചെയ്യാനും ബ്ലോഗര്‍മാര്‍ മുന്നോട്ട് വന്നത് ആവേശമായി. ഓരോരുത്തരെ കൊണ്ടും ആയുധം വെച്ചുള്ള അഭ്യാസ പ്രകടനവും നടത്തി.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ മലബാര്‍ ടൂറിസം കൗണ്‍സിലാണ് ബ്ലോഗര്‍മാരെ ജില്ലയില്‍ ആതിഥേയത്വം വഹിച്ചത്. സെപ്റ്റംബറില്‍ നടക്കുന്ന മലബാര്‍ ടൂറിസം മീറ്റിന്റെ ഭാഗമായാണ് പദ്ധതിയുമായി സഹകരിക്കുന്നതെന്ന് മലബാര്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി രജീഷ് രാഘവന്‍ പറഞ്ഞു.
അര്‍ജന്റീന, ഓസ്‌ട്രേലിയ, ബല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, ഇറ്റലി, റുമാനിയ, യുഎസ്, യുകെ, നെതര്‍ലന്‍ഡ്‌സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനീഷ്യ, ന്യൂസീലന്‍ഡ്, തുര്‍ക്കി, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരാണ് സംഘത്തിലുള്ളത്. രക്ഷ റാവു, സോംജിത് ഭട്ടാചാര്യ എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ളത്. 13നു തിരുവനന്തപുരത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് കേരള ബ്ലോഗ് എക്‌സ്പ്രസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മുന്നിലെത്തിയ ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സംഘം തിങ്കളാഴ്ച്ച കലാമണ്ഡലം സന്ദര്‍ശിക്കും. യാത്ര 26നു കൊച്ചിയില്‍ സമാപിക്കും.