കണ്ണൂര്‍: പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് ഓര്‍ഗൈനൈസേഷന്റെ അവകാശങ്ങള്‍ക്കായുള്ള സമരം ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ഏറ്റെടുത്തു. കണ്ണൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. പതിറ്റാണ്ടുകളായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ അംഗീകാരമോ, അവകാശങ്ങളോ ലഭിക്കാത്തവര്‍ ഈ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് വേദനാജനകമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്‍ ദേശീയ അഡൈ്വസറി ബോര്‍ഡ് അംഗം ഡോ: എ.മാധവന്‍ പറഞ്ഞു. പ്രീ പ്രൈമറി ടീച്ചേര്‍സ് ആന്റ് ഹെല്‍പ്പേര്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ കണ്ണൂര്‍ ഗുരു ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈക്കോടതി 2012 ല്‍ 5000 രൂപ ഓണറേറിയം പ്രഖ്യാപിച്ചിട്ടും ഇന്നും 3000 രൂപയും അതില്‍ താഴെയും മേടിച്ച് തൊഴിലെടുക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനമാണ്. തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകാനും, ഇടപ്പെടല്‍ നടത്താനും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. വി.വിജയഷോമ അധ്യക്ഷത വഹിച്ചു. എച്ച്.ആര്‍.പി.എം സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ ഇ.മനീഷ് മുഖ്യ പ്രഭാഷണം നടത്തി. എച്ച്.ആര്‍.പി.എം മുന്‍ ജില്ലാ പ്രസിഡണ്ട് ശിവദാസന്‍ കരിപ്പാല്‍, വി.പി.ജിതേഷ്, പി.മിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. ആയിഷ സ്വാഗതവും, രജിന പുതുശേരി നന്ദിയും പറഞ്ഞു. എയ്ഡഡ് പ്രീ പ്രൈമറി അധ്യാപികമാര്‍ക്കും, ആയമാര്‍ക്കും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച ശമ്പളം ഉടന്‍ നല്‍കുക, പ്രീ പ്രൈമറി അധ്യാപികമാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി തൊഴില്‍ മേഖലയിലെ വിവേചനം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.
പുതിയ ഭാരവാഹികള്‍: പ്രസിഡണ്ട്: വി.പി.ജിതേഷ്, വര്‍ക്കിംഗ് പ്രസിഡണ്ട്: പി.പി.ദിവിന, വൈ: പ്രസിഡണ്ട്: രജിന പുതുശേരി, ഷിബിന, ഷീന പ്രകാശ്, ജനറല്‍ സെക്രട്ടറി: വിജയ ഷോമ, സെക്രട്ടറി: ലിജി, ഷെമി, സി.കെ.വത്സരാജ്.
ട്രഷറര്‍: ആയിഷ.