കോഴിക്കോട്: കോഴിക്കോട് വിമാനത്താവള റണ്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് ചേംബറിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ നിന്നും കരിപ്പൂരിലേക്ക് കാലിക്കറ്റ് എയര്‍പോര്‍ട്ട് സംരക്ഷണ വാഹന യാത്ര നടത്തുന്നു. ഈ മാസം 25ന് രാവിലെ 9 മണിക്ക് വാഹനയാത്ര ബീച്ച് ഫ്രീഡം സ്‌ക്വയറിന് സമീപം പി.ടി.എ റഹീം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 11 മണിക്ക് വിമാനത്താവളത്തിന് സമീപം ടി.വി ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ചേംബര്‍ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷനാകും. കാലിക്കറ്റ് ചേംബര്‍ ഹാളില്‍ ചേംബറിന്റെ എയര്‍പോര്‍ട്ട് കമ്മിറ്റി യോഗത്തിലാണ് സംരക്ഷണ യാത്ര സംബന്ധിച്ച് തീരുമാനിച്ചത്. വിമാനത്താവള വികസന നടപടികള്‍ ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വാഹന യാത്രയെന്ന് കാലിക്കറ്റ് എയര്‍പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ഡോ. കെ. മൊയ്തു പറഞ്ഞു. വൈഡ് ബോഡി എയര്‍ക്രാഫ്റ്റ് ഇറങ്ങാന്‍ പാകത്തിലുള്ള റിസയ്ക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ചേംബര്‍ പ്രസിഡന്റ് റാഫി .പി ദേവസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുബൈര്‍ കൊളക്കാടന്‍, സെക്രട്ടറി എ.പി അബ്ദുല്ല കുട്ടി, എം. മുസമ്മില്‍, ടിപി അഹമ്മദ്, ബോബിഷ് കുന്നത്ത്, ഹാഷിര്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു. വാഹനം കടന്ന് പോകുന്ന റൂട്ട് മാപ്പ് വൈകാതെ തയ്യാറാക്കുമെന്ന് റാഫി .പി ദേവസ്സി അറിയിച്ചു.