ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള ശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് നാടകം മാത്രമാണെന്നും സിവില്‍ കോഡിന്റെ പേരില്‍ ബ്രാഹ്‌മണ്യത്തെ അടിച്ചേല്‍പ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ ) ദേശീയ അധ്യക്ഷന്‍ അഡ്വ. തമ്പാന്‍ തോമസ് പറഞ്ഞു. സിവില്‍ കോഡിനെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ്, പ്രധാനമന്ത്രി ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയും സംരക്ഷണവും ഉറപ്പ് നല്‍കണം. എല്ലാവര്‍ക്കും സ്വാതന്ത്രമായും സുരക്ഷിതമായി ജീവിക്കാനുള്ള അവസരം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഏകീകൃത നിയമത്തെ കുറിച്ച് പറയേണ്ടത്. ജനങ്ങളെ ജാതീയമായും മതപരമായും ഭിന്നിപ്പിച്ചു വോട്ട് നേടാനുള്ള ശ്രമത്തിനെതിരെ പോരാടാന്‍ എല്ലാ ബി.ജെ.പി വിരുദ്ധ ശക്തികളെയും ഒന്നിപ്പിക്കാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) ശ്രമിക്കും.
മണിപ്പൂരില്‍ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ രാജ്യം ലോകത്തിന്റെ മുന്നില്‍ ലജ്ജിച്ചു തലകുനിക്കുന്നു. അവിടെ നടന്നുവരുന്ന വംശഹത്യയ്ക്കെതിരെ പ്രധാനമന്ത്രി പാലിച്ച മൗനം ആക്രമികള്‍ക്കു അഴിഞ്ഞാടാന്‍ പ്രോത്സാഹനം നല്‍കി. മണിപ്പൂരില്‍ സ്ത്രീകളെ പോലും കിരാതമായി ആക്രമിക്കുന്നതും അപമാനിക്കുന്നതും തടയുന്നതില്‍ പരാജയപെട്ട സംസ്ഥാന മന്ത്രിസഭയെ പിരിച്ചുവിടാന്‍ തയാറാവണം. മനുഷ്യത്വരഹിതമായ നടപടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവയ്ക്കണം എന്നും ന്യൂഡല്‍ഹിയിലെ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ഹാളില്‍ നടന്ന ലോക്‌രാജ് നീതി മഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രഫ. ശ്യാം ഗംഭീര്‍ അധ്യക്ഷനായി. ഡി.പി റായ് എക്‌സ് എം.പി, ഡോ. സന്ദീപ് പാണ്ഡെ, കര്‍ണാടക മുന്‍ മന്ത്രി ഡോ. ലളിതാ നായിക്, മുന്‍ എം.എല്‍.എ, മൈക്കള്‍ ഫെര്‍ണാണ്ടസ്, അശോക് പ്രിയദര്‍ശി, സുഭാഷ് ഭട്‌നാഗര്‍, മഞ്ജു മോഹന്‍, മനോജ് ടി. സാരംഗ്, സി.പി ജോണ്‍, ഗൗതം പ്രീതം എന്നിവര്‍ സംസാരിച്ചു.