- മാന്നാനം സുരേഷ്
(ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ട് )
കോട്ടയം: മുഖ്യമന്ത്രിയായും, പ്രതിപക്ഷ നേതാവായും, എംഎല്‍എയായും, അരനൂറ്റാണ്ടിലധികം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ജനങ്ങളുടെ പ്രതീക്ഷയും ജനങ്ങളുടെ ആശ്രയ കേന്ദ്രവുമായിരുന്ന ഉമ്മന്‍ചാണ്ടി വിടവാങ്ങിയപ്പോള്‍ കോട്ടയംകാര്‍ക്ക് ഒരു ഫോണ്‍ കോളില്‍ തീരുന്ന പ്രശ്‌നങ്ങള്‍ക്ക് ഇനി ആരുമില്ലാത്ത അവസ്ഥയായി. താന്‍ എവിടെയായിരുന്നാലും എത്ര തിരക്കായിരുന്നാലും ഞായറാഴ്ച പുതുപ്പള്ളി കരോട്ട് വള്ളക്കാലവീട്ടില്‍ ജനങ്ങളുടെ ഘോഷയാത്രയുടെ ആരവങ്ങളാണ്. വീട്ടു പ്രശ്‌നക്കാര്‍, ജോലി പ്രശ്‌നക്കാര്‍, ജീവിതത്തിന്റെ നാനാതുറയില്‍ ഉള്ള ആള്‍ക്കാര്‍ ഉമ്മന്‍ചാണ്ടിയുടെ വീടിന്റെ മുറ്റത്ത് എത്തിയിരുന്നു. വരുന്നവര്‍ക്ക് ആര്‍ക്കും ഒരു വേര്‍തിരിവും രാഷ്ട്രീയപക്ഷവും ഇല്ലാതെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അത് പരിഹരിക്കുവാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്ന ജനനേതാവ് സദാ ജാഗരൂകനായിരുന്നു.
60 വര്‍ഷക്കാലം കോട്ടയത്തും കേരളത്തിലും നിറഞ്ഞ തന്റെ സാന്നിധ്യം ജനങ്ങളുടെ ക്ഷേമത്തിനും കൂടെ നില്‍ക്കുന്നവര്‍ക്ക് വേണ്ട സഹായഹസ്തങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയി. കോട്ടയത്ത് ഏത് സ്ഥലത്തും ഏതു പരിപാടിയായാലും ചെറുതും വലുതും നോക്കാതെ ഉദ്ഘാടകനായും മുഖ്യാതിഥിയായും ഉണ്ടാകും. ഉമ്മന്‍ചാണ്ടിക്ക് ഒരു വീട്ടു കാരണവരുടെ സ്ഥാനമാണ് എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരുന്നത്. കേരള രാഷ്ട്രീയത്തില്‍ എന്നും ഒരു രാഷ്ട്രീയ ചാണക്യനായി ഉമ്മന്‍ചാണ്ടി അറിയപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളും ഏത് കാര്യത്തിലും സമന്വയത്തിന്റെയും നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. ജനസമ്പര്‍ക്ക പരിപാടികളിലൂടെയും കേരളത്തിന്റെ വികസനത്തിന്, വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക്, വ്യവസായ വളര്‍ച്ചയ്ക്ക്, സമസ്ത മേഖലയിലും ഒരു ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി മറ്റുള്ളവരെക്കാള്‍ മുമ്പിലാണ്. വിമര്‍ശനങ്ങളെ പോലും പുഞ്ചിരി കൊണ്ട് നേരിടുന്ന ഉമ്മന്‍ചാണ്ടിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം എടുത്തു പറയേണ്ടതാണെന്നാണ് ലേഖകനായ എനിക്ക് രേഖപ്പെടുത്താനുള്ളത്.
ഞാന്‍ സംസ്ഥാന പ്രസിഡണ്ട് ആയ ഗാന്ധി ദര്‍ശന വേദിയുടെയും, ലോഹ്യ കര്‍മ്മസമിതിയുടെയും പരിപാടികളിലും, പുതുപ്പള്ളിയിലെ പി.എന്‍ പീതാംബരന്‍ അവര്‍കളുടെ ശ്രീനാരായണ സാംസ്‌കാരിക സമിതിയുടെ പരിപാടികളുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടി സാറുമായുള്ള അടുപ്പം തുടങ്ങിയത്. 50 വര്‍ഷക്കാലം ശ്രീനാരായണ സാംസ്‌കാരിക സമിതി കോട്ടയത്ത് നടത്തുന്ന എം. വിശ്വംഭര സ്മാരക ഹാളിലെ പരിപാടികളിലേക്ക് എന്റെ ഓര്‍മ്മകള്‍ ഓടിയെത്തുകയാണ്. ഏതു പരിപാടികള്‍ നടത്താന്‍ ആലോചിച്ചാലും ഉദ്ഘാടനം ഉമ്മന്‍ചാണ്ടി സാറാണ്, അത്രയ്ക്ക് അടുപ്പമാണ് പി.എന്‍ പീതാംബരനും ഉമ്മന്‍ചാണ്ടിയുമായുള്ള ബന്ധം. അതില്‍ ഒരു സഹ സംഘാടകനായി ഞാനും സഹകരിച്ചിട്ടുണ്ട്. ശ്രീനാരായണ സാംസ്‌കാരിക സമിതി ജനറല്‍ സെക്രട്ടറിയായ പി.എന്‍ പീതാംബരന്‍ അവര്‍കളുടെ മരണാനന്തര ചടങ്ങുകളില്‍ ഒരു സഹോദരന്‍ നഷ്ടപ്പെട്ട ആളെപ്പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി സാര്‍ ചടങ്ങില്‍ ഒരു കസേര പോലും ഇട്ട് ഇരിക്കാതെ അദ്ദേഹത്തിന്റെ മൃതശരീരത്തിന് സമീപം മണിക്കൂറുകളോളം നിന്നത് ഞാന്‍ ഇന്ന് ഓര്‍ക്കുകയാണ്.
ഉമ്മന്‍ചാണ്ടി സാറും പീതാംബരന്‍ സാറും സഹോദരതുല്യ സ്‌നേഹത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു. ലേഖകനായ എന്റെ വിവാഹത്തിന് ഏറ്റുമാനൂര്‍ അമ്പലത്തില്‍ വന്നത് എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യങ്ങളില്‍ ഒന്നാണ്. ജനതാദള്‍ പാര്‍ട്ടിക്കാരനായ എനിക്ക് അദ്ദേഹം തന്ന സ്‌നേഹവും കരുതലും എന്നെന്നും ഓര്‍മ്മയില്‍ നിലനില്‍ക്കും, ഇങ്ങനെയൊരു ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും ആ ഘടകമാണ്. പുതുപ്പള്ളി പള്ളിയിലെ കുര്‍ബാന എല്ലാ ഞായറാഴ്ചകളിലും കൂടുന്നത് അദ്ദേഹത്തിന് പതിവായിരുന്നു.
പുതുപ്പള്ളി കരോട്ട് വള്ളക്കാലായി വീടിനും പുതുപ്പള്ളി പള്ളിക്കും ഉമ്മന്‍ചാണ്ടി ഇല്ലാത്ത ഞായറാഴ്കളാണ് ഇനിയുള്ളത്..