കോഴിക്കോട്: മലേഷ്യന്‍ സര്‍ക്കാറിന്റെ പരമോന്നത ബഹുമതിയായ ഇന്റര്‍നാഷണല്‍ ടോക്കോമാല്‍ ഹിജ്‌റാ പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യന്‍ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. മലേഷ്യന്‍ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും രാജാവിന്റെയും വിവിധ മന്ത്രിമാരുടെയും നേതൃത്വത്തില്‍ വലിയ സ്വീകരണങ്ങളും ആദരങ്ങളും അവസരങ്ങളുമാണ് ലഭിച്ചത്. വ്യക്തിപരമല്ല, സമസ്തക്കുള്ളതാണ് ഈ ബഹുമതികളെല്ലാം. സമൂഹത്തിനും രാജ്യത്തിനും ഗുണപരമാവുമെന്നതിനാലാണ് പുരസ്‌കാരം സ്വീകരിച്ചത്. മതപരമായ വിഷയത്തില്‍ ഏതെങ്കിലും തര്‍ക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉടലെടുക്കുമ്പോള്‍ അവ പരിഹരിക്കാന്‍ നമ്മള്‍ ഉണ്ടാവണമെന്നാണ് മലേഷ്യയിലെ യയാസാന്‍ പഹാങ് യൂണിവേഴ്‌സിറ്റി മര്‍കസുമായുള്ള ധാരണാപത്രത്തില്‍ പറഞ്ഞത്. ഇത് സമസ്തക്കും മര്‍കസിനും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനും ലഭിച്ച അംഗീകാരമാണെന്നും മലേഷ്യന്‍ സര്‍ക്കാരിനും രാജകുടുംബത്തിനും നന്ദിപറഞ്ഞ കാന്തപുരം ഭൗതികമായ അംഗീകാരങ്ങളോ നേട്ടങ്ങളോ അല്ല, പാരത്രിക നേട്ടങ്ങള്‍ക്കാണ് വിശ്വാസികള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.