കോഴിക്കോട്: അന്താരാഷ്ട്ര പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ വിദേശത്തേക്ക് പോകാന്‍ പണമില്ലാതെ വലഞ്ഞ വിദ്യാര്‍ത്ഥിക്ക് കൈത്താങ്ങായി. കാരപറമ്പ് സ്വദേശി രാജു മേനോന്‍. അടുത്ത മാസം റൊമേനിയയില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര വേള്‍ഡ് ക്ലാസ്സിക് പവര്‍ ലിഫ്റ്റിംഗ് സബ് ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സ്‌പോണ്‍സര്‍ഷിപ്പില്ലാതെ വിഷമിച്ച കോഴിക്കോട് എരഞ്ഞിപ്പാലം പി.എം കുട്ടി റോഡിലുള്ള വളപ്പില്‍ പ്രതാപന്റെ മകള്‍ പ്രഗതി പി. നായര്‍ക്കാണ് NRI ആയ കാരപറമ്പ് സ്വദേശി രാജു മേനോന്‍ സഹായഹസ്തം നല്‍കിയത്.
ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കെട്ടിവയ്ക്കാന്‍ ആവശ്യമായ രണ്ടു ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. പണമില്ലാതെ വലഞ്ഞ പ്രഗതിയും കുടുംബവും മോഹം പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സഹായത്തിനു ശ്രമിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതോടെ വിവിധ സ്‌പോണ്‍സര്‍മാരെ സമീപിച്ചു.നടക്കാതെ വന്നതോടെ നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് അച്ഛന്‍ പ്രതാപന്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ശ്രദ്ധയില്‍പെട്ട പൊതുപ്രവര്‍ത്തകനായ കാരപറമ്പ് സ്വദേശി ഹരീഷ് പി നായര്‍ ആണ് രാജു മേനോന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നത്. ഉടന്‍ ഹരീഷിനെ തന്റെ സന്നദ്ധത രാജു മേനോന്‍ അറിയിച്ചു. ഇതോടെ പ്രഗതിയുടെ വലിയൊരു സ്വപ്‌നമാണ് സാക്ഷാല്‍കരിക്കപ്പെടുന്നത്.
രാജു മേനോന്‍ പ്രഗതിക്കു രണ്ടു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. രാജു മേനോന്റെ വീട്ടില്‍ വച്ച് നടന്ന ചടങ്ങില്‍ നടക്കാവ് പോലിസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ കെ. ധനേഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍ എം.കെ ബിനേഷ്, ഹരീഷ് പി. നായര്‍ എന്നിവര്‍ പങ്കെടുത്തു.