യോസു: 2023 കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സാത്വിക് സായ്‌രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍. പുരുഷ ഡബിള്‍സ് സെമി ഫൈനലില്‍ രണ്ടാം സീഡായ ചൈനയുടെ വെയ് കെങ് ലിയാങ്-ചാങ് വാങ് സഖ്യത്തെ തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യത്തിന്റെ വിജയം. ആദ്യ ഗെയിം അനായാസം നേടിയ സാത്വിക്-ചിരാഗ് സഖ്യം രണ്ടാം ഗെയിമില്‍ മികച്ച വെല്ലുവിളി നേരിട്ടാണ് വിജയം നേടിയത്. മത്സരം ഒരു മണിക്കൂറും 20 മിനിറ്റും നീണ്ടു. സ്‌കോര്‍: 21-15, 24-22.
സാത്വികും ചിരാഗും നേരത്തേ ഇന്‍ഡൊനീഷ്യ ഓപ്പണും സ്വിസ്സ് ഓപ്പണും സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ഇന്‍ഡൊനീഷ്യയുടെ അലിഫാന്‍-അര്‍ഡിയാന്റോ സഖ്യമാണ് ഇന്ത്യന്‍ ടീമിന്റെ എതിരാളി. ഫൈനല്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.30 ന് നടക്കും.