കോഴിക്കോട്: ബഹുമാനിക്കപ്പെടേണ്ട ഭാരതപുത്രിയെ നഗ്നയാക്കി നടത്തുമ്പോള്‍ ‘നിയമമേ നീ എവിടെ പോയി ഒളിച്ചെന്ന് ‘ ചോദിക്കണമെന്നും സ്‌നേഹമില്ലാത്ത ജനത ദേശത്തിനാപത്താണെന്നും പ്രശസ്ത കവി പി.കെ ഗോപി പറഞ്ഞു. മണിപ്പൂരിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി കേരള സര്‍വോദയ മണ്ഡലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനോപവാസം ഇന്ന് രാവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യസ്‌നേഹം നഷ്ടപ്പെട്ടാല്‍ ഒരു രാഷ്ട്രം മരിക്കും. സംസ്‌കാരത്തിന്റെ അടിത്ത സാഹോദര്യമാണ്. സാഹോദര്യമില്ലാത്ത സംസ്‌കാരം നിലനില്‍ക്കില്ല. സ്‌നേഹമില്ലാത്ത ജനത ശാപമാണ്. ഒരു ജനസമൂഹത്തിനെ രക്ഷിക്കാന്‍ ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്ക് സാധിച്ചില്ലെങ്കില്‍ ഭരണഘടന ജീവിച്ചിരിപ്പില്ല എന്നാണ് അര്‍ത്ഥം. ജനതയുടെ ആത്മബലം ആയുധമല്ല. കാരുണ്യമാണ്, അതാണ് മാനവികത. സ്‌നേഹം തിരിച്ചറിയാന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അന്തരീക്ഷത്തിനും സാധിക്കുമെങ്കില്‍ മനുഷ്യന് കഴിയുന്നില്ലെങ്കില്‍ നാം എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭീതി ഉടലെടുക്കുമ്പോള്‍ സ്വതന്ത്ര്യമില്ല, സ്വന്തന്ത്ര്യം എന്ന് പറയുകയും ചിലര്‍ ഭീതി വിതയ്ക്കുകയുമാണ് ചെയ്യുന്നത്. പരിഷ്‌കൃതസമൂഹത്തിന് ചോര കണ്ട് സന്തോഷിക്കാനാവില്ല. ഒരു സ്ത്രീയെ നഗ്നയാക്കി നടത്തുമ്പോള്‍ കാട്ടാളന് പോലും നോക്കിനില്‍ക്കാനാവില്ല. ഗാന്ധിയന്‍ സംസ്‌കാരത്തെ കൈ വിട്ടതിനുള്ള പ്രഹരമാണ് ഇത്തരം സംഭവങ്ങള്‍. മറ്റൊരു ഗോളത്തിലേക്ക് ഉപഗ്രഹമയയ്ച്ച് ആഹ്ലാദിക്കുമ്പോള്‍, പുരോഗതിയെ കുറിച്ച് ഘോഷിക്കുമ്പോള്‍ മനുഷ്യത്വത്തില്‍ നാം എത്ര പിറകോട്ടാണ് നടക്കുന്നതെന്ന് തിരിച്ചറിയണം. ഭാരതത്തില്‍ നിന്ന് ലോകം ശാന്തിയാണ് പ്രതീക്ഷിക്കുന്നത്.
‘ അരുത്, അരുത്, കൊല്ലരുത്’ എന്ന് മണ്ണും വിണ്ണും തൊട്ട് പ്രാര്‍ത്ഥിക്കുന്നു. മണിപ്പൂരില്‍ ശാന്തി പുലരട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയ്യച്ചേരി പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണന്‍, ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, യു. രാമചന്ദ്രന്‍, പി.പി ഉണ്ണികൃഷ്ണന്‍, പി. ശിവാനന്ദന്‍ മാസ്റ്റര്‍, വേലായുധരന്‍ കീഴരിയൂര്‍, എം. ദയാനന്ദന്‍, സി.പി കുമാരന്‍ എന്നിവര്‍ സംസാരിച്ചു.