തലശ്ശേരി: മഴവെള്ളം കുത്തിയൊലിച്ചു കെട്ടി നിന്നതിനെ തുടര്‍ന്ന് ധര്‍മ്മടം പാലയാട് കൂറാറ മൈതാനത്തിനടുത്ത വിപിന്‍ നിവാസിലെ കിണര്‍ അപകട ഭീഷണിയില്‍. സിമന്റ് റിങ്ങില്‍ കുഴിച്ച കിണറിന്റെ പരിസരത്ത് വെള്ളം കെട്ടി നിന്നത് കാരണം കിണറിന്റെ ആള്‍മറയടക്കം താഴുമെന്ന ഭീതിയിലാണ് വിപിന്‍ നിവാസിലെ താമസക്കാരനായ സി.പി. വിജയനും കുടംബവും .
ആള്‍ മറയ്ക്ക് തൊട്ട് വിള്ളല്‍ വീണ് കിടപ്പാണ്. കിണറിലെ വെള്ളവും മലിനമാണ്. താമസിക്കുന്ന വീടിന്റെ കുളിമുറി, അടുക്കള ഭാഗത്ത് വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജീവഭയത്തോടെയാണ് വിജയനും മകനും വീട്ടില്‍ കഴിയുന്നത്. സ്റ്റേഡിയവും വിപിന്‍ നിവാസിന്റെ പരിസര വീടുകളും ഉയരത്തിലാണുള്ളത്. ഈ ഭാഗത്ത് നിന്നുള്ള മഴവെള്ളം തൊട്ടപ്പുറമുള്ള പുഴയിലേക്കാണ് ഒഴുക്കിവിടാറുള്ളത്. എന്നാല്‍ വെള്ളമൊഴുകേണ്ട വഴി തടസ്സപ്പെട്ടതും, ഇത്തവണ താഴ്ന്ന സ്ഥലത്തുള്ള വിപിന്‍ നിവാസിന് ഭീഷണിയായി. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍പുരോഗമിക്കുമ്പോള്‍ തന്നെ മഴക്കാല പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും, എന്നാല്‍ ബന്ധപ്പെട്ടവര്‍ പോംവഴി കണ്ടില്ലെന്നും പൊതു പ്രവര്‍ത്തകനും വിട്ടുടമയുമായ വിജയന്‍ പറഞ്ഞു.