ചെന്നൈ: റോഡില്‍ പിറന്നാള്‍ കേക്ക് മുറിക്കുന്നവര്‍ക്കെതിരെ ഹോണ്‍ മുഴക്കിയതിന് ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊന്നു. അമ്പത്തൂര്‍ വെങ്കിടേശ്വര നഗര്‍ സ്വദേശി കാമേഷ് (25) ആണ് കൊല്ലപ്പെട്ടത്.അമ്പത്തൂര്‍ പോലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഗൗതം (22), നവീന്‍ കുമാര്‍ (18), അജയ് (22), റിയാസ് (19), കതിരേശന്‍ (19), സൂര്യ (23) എന്നിവരെയും രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആക്രമണത്തില്‍ കാമേഷിന്റെ സഹോദരന്‍ സതീഷിനും (29) പരിക്കേറ്റു. ഓട്ടോറിക്ഷ ഇയാളുടെ സുഹൃത്തിന്റേതായിരുന്നു. വ്യാഴാഴ്ച രാത്രി കാമേഷ് സഹോദരനെ അമ്പത്തൂരില്‍ നിന്ന് കൂട്ടി ഒറഗടത്തേക്ക് പോകുകയായിരുന്നു. രാത്രി 11.30 ഓടെ അയ്യപ്പന്‍ സ്ട്രീറ്റ് ജംഗ്ഷനില്‍ പത്തംഗ സംഘം പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു. ഇവര്‍ റോഡ് തടഞ്ഞിരുന്നുവെന്നും റോഡിന് വീതി കുറവായതിനാല്‍ കാമേഷിന് ഏറെ നേരം ഹോണ്‍ മുഴക്കേണ്ടി വന്നതായും പോലീസ് പറഞ്ഞു.
തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നതില്‍ പ്രകോപിതരായ സംഘം കാമേഷുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ആഘോഷങ്ങള്‍ കഴിയുന്നതുവരെ കാത്തിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. കാമേഷും സഹോദരനും ഇതിനെ എതിര്‍ക്കുകയും തങ്ങളുടെ വാഹനത്തിന് വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
രോഷാകുലനായ ഗൗതമും കൂട്ടരും ചേര്‍ന്ന് കാമേഷിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച സതീഷിനും മര്‍ദനമേറ്റു. സതീഷ് അയല്‍വാസികളെ വിവരമറിയിച്ചെങ്കിലും അപ്പോഴേക്കും സംഘം കാമേഷിനെ പലതവണ കുത്തുകയും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. സതീഷിനെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. റോഡില്‍ ഇത്തരം ആഘോഷങ്ങള്‍ ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പാക്കണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു .