ഫൂട്ട് വെയര്‍ നിര്‍മ്മാണ മേഖലയില്‍ അശാസ്ത്രീയമായ ബി.ഐ.എസ് നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജ്യമെമ്പാടും ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും, തൊഴിലാളികളും സമര മുഖത്താണ്. വ്യവസായം നിലനില്‍ക്കണോ വേണ്ടയോ എന്നതാണ് പ്രധാന ചേദ്യം. മൈക്രോ, സ്മാള്‍ എന്റര്‍പ്രൈസസുകളെ സംബന്ധിച്ചിടത്തോളം ബി.ഐ.എസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാന്റേര്‍ഡുകള്‍ ആലോചിക്കുന്നതിനുപോലും സാധ്യത കുറവാണ്. 300 രൂപയുടെ ചെരുപ്പിനും, 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാന്റേര്‍ഡാണ് നിഷ്‌ക്കര്‍ശിക്കുന്നത്. ഈ ഒരു കാര്യം പരിശോധിച്ചാല്‍ മാത്രം മതി ഈ തീരുമാനത്തിന്റെ പിന്നിലെ അശാസ്ത്രീയത മനസിലാക്കാന്‍.
രണ്ടു ദിവസം മുന്നേ ഉത്തരപ്രദേശിലെ ആഗ്രയില്‍ വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായകളും, തൊഴിലാളികളും സമരം ചെയ്യുകയുണ്ടായി. ഇന്നു പഞ്ചാബിലെ ജലന്തര്‍ കേന്ദ്രീകരിച്ച് ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും, തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സമരത്തിലാണ്. പ്രസ്തുത സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളുടെ സമര സംഘടനയായ എം.എസ്.എം.ഇ ഫൂട്ട് വെയര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടന്നു.
നല്ലളം വ്യവസായ കേന്ദ്രത്തില്‍ നടന്ന ധര്‍ണ്ണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.കെ.സി റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ ബാബു മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.ഐ.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.വി സുനില്‍ നാഥ്, സിഫി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി.പി മുസമ്മില്‍, ഫൂമ പ്രസിഡണ്ട് എം. രജിത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡണ്ട് എം. അബ്ദുറഹിമാന്‍ സ്വാഗതവും, എഫ്.ഡി.ഡി.സി ഡയരക്ടര്‍ കെ.പി.എ ഹാഷിം നന്ദി പറഞ്ഞു.