മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; 19 കാരന്‍ അറസ്റ്റില്‍

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം; 19 കാരന്‍ അറസ്റ്റില്‍

തോബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 19 കാരനെ പോലിസ് അറസ്റ്റ് ചെയ്തു. യുംലെംബാം നുങ്സിത്തോയി മെയ്ത്തെയി എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ലൈംഗിക അതിക്രമത്തിനെതിരെ വ്യാപകരോഷം ഉയരുന്നതിനിടെയാണ് നടപടി.

അതിനിടെ, മണിപ്പൂരില്‍ നിന്ന് കൂടുതല്‍ ലൈംഗികാതിക്രമ കൊലയുടെ വിവരം പുറത്ത് വരുകയാണ്. തോബാലില്‍ 45 കാരിയെ നഗ്നയാക്കി തീകൊളുത്തിക്കൊന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇംഫാലില്‍ കാര്‍വാഷ് സെന്ററില്‍ ജോലി ചെയ്തിരുന്ന രണ്ട് സ്ത്രീകളെ ജനക്കൂട്ടം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മേയ് നാലിന് നടന്ന സംഭവത്തില്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. ജനക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മണിപ്പൂരിലെ എല്ലാ കേസുകളും വിലയിരുത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. കൂട്ടബലാത്സംഗക്കേസില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. മണിപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത 6000ത്തിലധികം കേസുകള്‍ കേന്ദ്രം പരിശോധിക്കും.

അതിനിടെ മണിപ്പൂരില്‍ സ്ത്രീകളെ വിവസ്ത്രരാക്കി റോഡിലൂടെ നടത്തിയ പ്രധാനപ്രതിയുടെ വസതിക്ക് കുക്കികള്‍ തീയിട്ടു. എന്‍ഡിഎ ഘടകകക്ഷികളായ മേഘാലയ- മിസോറം മുഖ്യമന്ത്രിമാര്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നു. പരാതി ലഭിച്ചിട്ടും ഇടപെട്ടില്ലെന്ന ആരോപണം തെറ്റാണെന്ന് ദേശീയ വനിത കമ്മീഷന്‍ അറിയിച്ചു. സംസ്ഥാന വ്യാപകമായി പോലിസ് 657 പേരെ കരുതല്‍ തടങ്കലിലെടുത്തു.

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിന് പിന്നാലെ മിസോറമില്‍ മെയ്ത്തി വിഭാഗക്കാര്‍ താമസിക്കുന്ന മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് നടപടി. മിസോറമിലെ ഐസാവലിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *