കോഴിക്കോട് : മണിപ്പൂരിലെ കഷ്ടപ്പെടുന്ന ജനതയ്ക്ക് നീതി ഉറപ്പാക്കണമെന്നും മണിപ്പൂരില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന ക്രൂര പീഡനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന ഭരണകൂടത്തിന്റെ നിലപാട് നീതീകരിക്കാന്‍ സാധിക്കാത്തതാണെന്നും സി.എസ്.ഐ മലബാര്‍ മഹാ ഇടവക ബിഷപ്പ് റെവ.ഡോ. റോയ്സ് മനോജ് വിക്ടര്‍ പറഞ്ഞു. സി.എസ്.ഐ മലബാര്‍ മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഭദ്രാസന പള്ളിയില്‍ നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥന സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചടങ്ങില്‍ വെള്ളരിപ്രാവുകളെ പറത്തി. സി.എസ്.ഐ കത്തീഡ്രല്‍ വികാരി പി.ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു. റെവ.ഡോ. ടി.ഐ ജെയിംസ് ആമുഖ പ്രഭാഷണം നടത്തി. ബിന്ദു റോയ്സ്, റെവ. ജേക്കബ് ഡാനിയേല്‍, റെവ. ജയദാസ് മിത്രന്‍, റെവ ബില്ലിഗ്രഹാം, റെവ. ഡാനിയല്‍ ജോണ്‍, റെവ.വിന്‍സണ്‍ മോസസ്, റെവ.റോബിന്‍ ലോറന്‍സ്, റെവ. ശോഭ കുമാര്‍, റെവ ജീജോ ആല്‍ബര്‍ട്ട് എന്നിവര്‍ പ്രസംഗിച്ചു.