ബി.ജെ.പിയുമായി സഹകരിക്കും, കോണ്‍ഗ്രസ് മുഖ്യശത്രു: ജെ.ഡി.എസ്

ബി.ജെ.പിയുമായി സഹകരിക്കും, കോണ്‍ഗ്രസ് മുഖ്യശത്രു: ജെ.ഡി.എസ്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനെ മുഖ്യശത്രുവായി കണ്ട് ബി.ജെ.പിയുമായി സഹകരിക്കാന്‍ ജെ.ഡി.എസ് തീരുമാനം. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയാണ് തീരുമാനം പ്രഖ്യാപിച്ചത്. പ്രതിപക്ഷമെന്ന നിലയില്‍ നിയമസഭയില്‍ ബി.ജെ.പിയുമായി ഒന്നിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ നില്‍ക്കുമെന്നാണ് ജെ.ഡി.എസ്സിന്റെ പ്രഖ്യാപനം.
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്ന് കുമാരസ്വാമി പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ട്. സഖ്യം വേണോ എന്ന കാര്യം അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ സംസ്ഥാനത്തിന് വേണ്ടി ബി.ജെ.പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഇന്നലെ ജെ.ഡി.എസ് എം.എല്‍.എമാരുടെ യോഗം എച്ച്.ഡി ദേവഗൗഡയുടെ വസതിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനമുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എച്ച്.ഡി ദേവഗൗഡ തന്നെ ചുമതലപ്പെടുത്തിയെന്നും യോഗത്തില്‍ എച്ച്.ഡി കുമാരസ്വാമി അറിയിച്ചു. ബംഗളുരുവിലെ പ്രതിപക്ഷ നേതൃയോഗത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് കുമാരസ്വാമി ഉയര്‍ത്തിയത്. കര്‍ണാടകയിലെ കര്‍ഷക ആത്മഹത്യകള്‍ കാണാത്ത കോണ്‍ഗ്രസ് സര്‍ക്കാര്‍ വെറും കടലാസ് യോഗങ്ങളില്‍ പങ്കെടുത്ത് നടക്കുകയാണെന്ന് കുമാരസ്വാമി വിമര്‍ശിക്കുന്നു.

കര്‍ണാടകയില്‍ ഇത് വരെ പ്രതിപക്ഷ നേതാവിനെ ബി.ജെ.പി പ്രഖ്യാപിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായാണ് ഒരു നിയമസഭാ സമ്മേളനം പ്രതിപക്ഷനേതാവില്ലാതെ കര്‍ണാടകയില്‍ കഴിഞ്ഞ് പോയത്. ബി.ജെ.പിയുമായി ചങ്ങാത്തം കൂടിയാല്‍ പ്രതിപക്ഷ നേതൃപദവി ഉറപ്പാക്കുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യം. പകരം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ സ്വാധീനമേഖലയായ ഓള്‍ഡ് മൈസൂരുവില്‍ നാല് ലോക്‌സഭാ സീറ്റുകളില്‍ ജയിപ്പിക്കുമെന്നതാകും ജെ.ഡി.എസ്സിന്റെ വാഗ്ദാനം.

Share

Leave a Reply

Your email address will not be published. Required fields are marked *