തിരുവള്ളൂര്‍: മത്സരങ്ങളും സമ്മാനദാനങ്ങളും നിരവധി കണ്ടവരാണ് നാം. ഇതാ വ്യത്യസ്തമായ ഒരു മത്സരവും സമ്മാനദാനവും. 40ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുമിച്ച് പഠിച്ചവര്‍ ഗാനാലാപന മത്സരം നടത്തുകയും അടുത്ത ജില്ലയിലുള്ള വീട്ടിലെത്തി വിജയിക്ക് സമ്മാനം നല്‍കുകയും ചെയ്തതാണ് അത്. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1982 ബാച്ച് എസ്എസ്എല്‍സി സഹപാഠികള്‍ ആണ് ഇത് നടത്തിയത്. ഗാനരചയിതാവായ കൂട്ടായ്മയിലെ അംഗം ഇ. മുരളീനാഥ് ഒരു ലളിതഗാനം രചിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. സഹപാഠികള്‍ ഈ ഗാനം ചിട്ടപ്പെടുത്തി ആലപിച്ച് ഗ്രൂപ്പില്‍ നിശ്ചിത സമയത്തിനകം പങ്കുവെക്കണം എന്നും വിധി കര്‍ത്താവ് നിശ്ചയിക്കുന്ന ഒന്നാം സ്ഥാനക്കാരന് 1001 രൂപ നല്‍കാം എന്നും കൂട്ടായ്മയിലെ അംഗമായ വിജയന്‍ പുളിക്കൂല്‍ പ്രഖ്യാപിച്ചു. ഇതോടെ സഹപാഠികള്‍ ഗാനം ചിട്ടപ്പെടുത്തി ആലപിച്ച് ഗ്രൂപ്പില്‍ പങ്കുവെച്ചു.
ഇവ, തങ്ങളെ സ്‌കൂളില്‍ സംഗീതം പഠിപ്പിച്ച വി.കെ മോഹന്‍ദാസിന് അയയ്ച്ചുകൊടുത്തു. അദ്ദേഹം അതില്‍ നിന്നും തിരഞ്ഞെടുത്ത ഒന്നാം സ്ഥാനക്കാരി സി.കെ അജിത കണ്ണൂര്‍ ജില്ലയിലെ കുന്നോത്ത് പറമ്പിലെ വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സഹപാഠികളായ വടയക്കണ്ടി നാരായണന്‍, എം.ടി ആശാലത, യൂസഫ് വണ്ണാറത്ത്, വി.പി ഗീത, ബാബു പാലോറ, പ്രമുദ കുമാരി പയ്യട, കെ. പീതാംബരന്‍ എന്നിവര്‍ വിജയിയുടെ വീട്ടിലെത്തി സമ്മാനവും പ്രശംസ ഫലകവും കൈമാറി. ചടങ്ങില്‍ വിജയിയുടെ ഭര്‍ത്താവ് കെ. നാണുവും സംബന്ധിച്ചു.