മാനവ ചരിത്രത്തിലെ അതി സാഹസിക യാത്രയുടെ വിവിധ ഘട്ടങ്ങള്‍ ആലേഖനം ചെയ്ത ‘ചാന്ദ്ര യാത്രയുടെ നാള്‍വഴികള്‍’ എന്ന കൂറ്റന്‍ കൊളാഷ് ഏറെ ശ്രദ്ധേയമായി. പള്ളൂര്‍ കസ്തൂര്‍ബ ഗാന്ധി ഗവ. ഹൈസ്‌കൂളിലെ കുട്ടികളാണ് ചിത്രകാരന്‍ കെ.കെ. സനില്‍ കുമാറിന്റെ നേതൃത്വത്തില്‍ 22 അടി നീളവും 4 അടി വീതിയുമുള്ള ക്യാന്‍വാസില്‍ ശാസ്ത്രലോകത്തിന്റെ ധീരമായ ഗാഥ രചിച്ചത്.
8 ഭാഗങ്ങളായുള്ള ദൃശ്യ നിര്‍മ്മിതിയുടെ ആദ്യ ഭാഗത്ത് ചിന്തയിലാണ്ട പ്രാചീന മനുഷ്യനും ചക്രവും സ്ഥാനം പിടിച്ചു. ചക്രത്തില്‍ നിന്ന് സുദീര്‍ഘമായ ഒരു കാലഘട്ടത്തിലൂടെയള്ള അന്വേഷണത്തിനൊടുവില്‍, ചന്ദ്രഗോളത്തിലേക്കും തിരിച്ചുമുള്ള യാത്രയുടെ അതി സങ്കീര്‍ണ്ണ കാഴ്ചകളാണ് തുടര്‍ന്നുള്ള ഭാഗങ്ങളിലൂടെ കടന്നുപോകുന്നത്. ഇന്ത്യയുടെ ചന്ദ്രയാന്‍ -3, രാജ്യത്തിന്റെ അഭിമാനമായി കുതിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചാന്ദ്ര ദിനാഘോഷം ഏറെ പ്രസക്തമാണെന്ന് മുഖ്യ ഭാഷണം നടത്തിയ ആനന്ദ കുമാര്‍ പറമ്പത്ത് അഭിപ്രായപ്പെട്ടു. പ്രധാന അധ്യാപിക ശ്രീമതി. ലിസി ഫെര്‍ണ്ണാണ്ടസ് അധ്യക്ഷത വഹിച്ചു. കെ.കെ. സനില്‍ കുമാര്‍ ചിത്ര പരിചയം നടത്തി. എ. അജിത് പ്രസാദ്, എം.സി. സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. മഹമൂദ് .പി, മുഹമ്മദ് ഷഹീര്‍ എന്നിവരും ചിത്ര നിര്‍മ്മാണത്തില്‍ പങ്കാളികളായി.