കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് സൗത്ത് ജില്ലാ സമിതി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം ഇന്ന് (23.07.2023) കൊടിയത്തൂര്‍ പാരമൗണ്ട് ടവറില്‍ വെച്ച് നടക്കും. പ്രമുഖ പണ്ഡിതനും വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തകനുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാഥിതിയായിരിക്കും. ലിന്റോ ജോസഫ് എം.എല്‍.എ ക്യു.എച്ച്.എല്‍.എസ് പരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ കെ. സജ്ജാദ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് വി.ടി അബ്ദുല്‍ ബഷീര്‍, വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് അമീര്‍ അത്തോളി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും.
സൗഹൃദാന്തരീക്ഷം തകര്‍ക്കുന്ന വിഭാഗീയ ചിന്തകള്‍ വളര്‍ത്താന്‍ മനഃപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് അവയെ പ്രതിരോധിക്കാന്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന ഖുര്‍ആനിക ആശയങ്ങള്‍ക്ക് സാധിക്കുമെന്ന സന്ദേശം സമ്മേളനം പ്രധാനമായും ചര്‍ച്ച ചെയ്യും. ലിബറല്‍ സ്വതന്ത്ര ചിന്താവാദികള്‍ കുടുംബ, സാമൂഹ്യ വ്യവസ്ഥകള്‍ തകര്‍ത്തെറിയാന്‍ പരിശ്രമിക്കുന്ന കാലത്ത് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ട്‌വയ്ക്കുന്ന മാനവിക ദര്‍ശനത്തിന്റെയും കുടുംബ, സാമൂഹ്യ വ്യവസ്ഥയുടെയും മൗലികത സമ്മേളനം ചര്‍ച്ച ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന്റെ അനിവാര്യതയും പുതിയ കാലത്തെ പഠന സാധ്യതകളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുമെന്നും സംഘാടകര്‍ അറിയിച്ചു.
പ്രമുഖ പണ്ഡിതനും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രൊഫ. ഹാരിസ് ബിന്‍ സലിം, അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍, മുജാഹിദ് ബാലുശ്ശേരി, ത്വല്‍ഹത് സ്വലാഹി, മുസ്തഫ മദനി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി എ.എം ജംഷീര്‍, ഭാരവാഹികളായ സി.വി അസീല്‍, മുഫീദ് നന്മണ്ട, ജാബിര്‍, ജുബൈര്‍, അസ്ഹര്‍, റഷീദ് പാലത്ത് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.