തിരുവനന്തപുരം: വെള്ളറടയില്‍ യാത്രക്കിടയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ ഛര്‍ദ്ദിച്ച പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിച്ച സംഭവത്തില്‍ ഡ്രൈവറെ ജോലിയില്‍ നിന്നും നീക്കം ചെയ്തു. താല്‍ക്കാലിക ഡ്രൈവറായ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ എസ്.എന്‍.ഷിജിയെയാണ് പരാതിയെ തുടര്‍ന്ന് ജോലിയില്‍ നിന്ന് നീക്കിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വെള്ളറട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ആണ് സംഭവം.
സഹോദരിക്കൊപ്പം ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ബസ്സിനുള്ളില്‍ ഛര്‍ദ്ദിക്കുകയായിരുന്നു. ബസ് വെള്ളറട ഡിപ്പോയിലെത്തി ഇറങ്ങാന്‍ തുടങ്ങിയപ്പോഴാണ് വണ്ടി കഴുകിയിട്ട് പോയാല്‍ മതിയെന്ന് ഡ്രൈവര്‍ പെണ്‍കുട്ടികളോട് പറഞ്ഞത്. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ ആയിരുന്ന പെണ്‍കുട്ടിയും സഹോദരിയും ഡിപ്പോയിലെ വാഷ് ബേസിനില്‍ നിന്ന് കപ്പില്‍ വെള്ളം എടുത്ത് ബസ്സ് വൃത്തിയാക്കി. ഇതിന് ശേഷം ആണ് ഇവരെ ഡ്രൈവര്‍ പോകാന്‍ സമ്മതിച്ചത്.
ബസ് വൃത്തിയാക്കാന്‍ ഡി.ആര്‍.എല്‍ സ്റ്റാഫ് ഉള്ളപ്പോഴാണു പെണ്‍കുട്ടികളെ കൊണ്ട് ഡ്രൈവര്‍ ബസ്സ് കഴുകിപ്പിച്ചത്. പെണ്‍കുട്ടികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരനായ പിതാവിനോട് കാര്യം പറഞ്ഞതോടെ ഇവര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെ ജോലിയില്‍ നിന്ന് നീക്കുകയായിരുന്നു.