കൊച്ചി: അന്തരിച്ച മുന്‍ മുഖ്യന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകന് എറണാകുളം നോര്‍ത്ത് പോലിസ് ഇന്ന് നോട്ടീസ് നല്‍കും. ഏഴ് ദിവസത്തിനുള്ളില്‍ പോലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കുക. അതേസമയം, വിനായകന്റെ പേരില്‍ കേസെടുക്കേണ്ട കാര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്നമട്ടില്ല. ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചു ഫെയ്സ്ബുക്ക് ലൈവിട്ട നടന്‍ വിനായകനെതിരായി നല്‍കിയ കേസ് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
പരാതിക്കാരിലൊരാളായ കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് സനല്‍ നെടിയതറ ഇന്നലെ നോര്‍ത്ത് പോലിസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചു. വിനായകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നോര്‍ത്ത് പോലിസിനാണു കേസിന്റെ അന്വേഷണച്ചുമതല. അതിനിടെ, കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്ന് ആരോപിച്ച് വിനായകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കലൂരിലെ ഫ്‌ളാറ്റിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു എന്നാണ് വിനായകന്റെ ആക്ഷേപം.