കോഴിക്കോട്: ഉപഭോക്തൃ ചൂഷണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് തടയാന്‍ ആവശ്യമായ കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് പീപ്പിള്‍സ് റിവ്യൂ ചീഫ് എഡിറ്റര്‍ മാധ്യമപ്രവര്‍ത്തകനുമായ പി.ടി നിസാര്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍സ് കേരള ഉത്തരമേഖല കണ്‍വന്‍ഷനും ഭക്ഷണക്കിറ്റ് വിതരണോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണ സാധനങ്ങളില്‍ മായം കലര്‍ത്തുന്നവരെയും അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കണം. വര്‍ധിച്ചുവരുന്ന വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ മാര്‍ക്കറ്റില്‍ ഇടപെടുകയും വില നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും വേണം. വില നിയന്ത്രണ കമ്മീഷന്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണം. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഭരണകൂടങ്ങളെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖല സെക്രട്ടറി രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. സംഗീത് ചേവായൂര്‍, ശിവദാസ് ധര്‍മ്മടം പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് ടി.എം സത്യജിത്ത് പണിക്കര്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി ലാലു നരിക്കുനി നന്ദിയും പറഞ്ഞു.