2023 ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഏറെ പ്രധാനപ്പെട്ട വർഷമാണ്. ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ കാര്യത്തിൽ കമ്പനി റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പുതിയതായി രണ്ട് റീട്ടെയിൽ ഔട്ട്ലെറ്റുകളാണ് ആപ്പിൾ അടുത്തിടെ തുറന്നത്. മുംബൈയിലെയും ന്യൂഡൽഹിയിലെയും ആപ്പിൾ സ്റ്റോറുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഐഫോൺ വിൽപ്പനയുടെ കാര്യത്തിൽ ജർമ്മനിയെയും ഫ്രാൻസിനെയും പിന്തള്ളിയാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത്. സിഎൻബിസി ജൂൺ ആദ്യപാദത്തിലെ ഡാറ്റ അനുസരിച്ച് യുഎസ്, യുകെ, ചൈന, ജപ്പാൻ എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള നാല് രാജ്യങ്ങൾ.
എങ്കിലും ആപ്പിളിന്റെ ആഗോളതലത്തിലുള്ള മാർക്കറ്റ് ഷെയർ ഇപ്പോഴും കുറവ് തന്നെയാണ്. കൗണ്ടർപോയിന്റ് റിസർച്ച് അനുസരിച്ച്, ആപ്പിളിന്റെ ഇന്ത്യയിലെ വിപണി വിഹിതം 5.1% ആയിരുന്നു. ഇത് കുറവ് സംഖ്യയാണെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വിഹിതം 3.4% ൽ നിന്ന് വർദ്ധിക്കുകയായിരുന്നു.
ആപ്പിൾ വർഷം തോറും 50% വളർച്ച കൈവരിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്ഫോൺ വിപണി വളരെയധികം വളർച്ച കൈവരിച്ചിരുന്നു. ബജറ്റിലും മിഡ് റേഞ്ച് വിഭാഗത്തിലും ഷവോമി, സാംസങ്ങ് തുടങ്ങിയ കമ്പനികൾ ആധിപത്യം പുലർത്തുമ്പോൾ, പ്രീമിയം സ്മാർട്ട്ഫോൺ വിപണിയിലെ ചാർട്ടുകളിൽ ആപ്പിൾ മുന്നിലാണ്. ഈ സംഖ്യ കോവിഡ് -19 പാൻഡെമിക്കിന് മുമ്പ് 4% ന് അടുത്തായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ തങ്ങളുടെ ഉപകരണങ്ങൾ അസംബിൾ ചെയ്യുന്നത് വർദ്ധിപ്പിക്കാനും ആപ്പിളിന് പദ്ധതിയുണ്ട്.