മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ച് യുഎല്‍ സ്‌പേസ് ക്ലബ്ബിന്റെ ചാന്ദ്രദിനാഘോഷം

മികവിന്റെ കേന്ദ്രങ്ങളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ച് യുഎല്‍ സ്‌പേസ് ക്ലബ്ബിന്റെ ചാന്ദ്രദിനാഘോഷം

ബഹിരാകാശരംഗത്ത് അവസരങ്ങള്‍ ഏറെ: ഡോ. പി. കുഞ്ഞിക്കൃഷ്ണന്‍

കോഴിക്കോട്: രാജ്യത്തെ ശാസ്ത്രസാങ്കേതികവിദ്യാ വിദ്യാഭ്യാസരംഗത്തെ മികവിന്റെ കേന്ദ്രങ്ങളായ ഉന്നതസ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ യുഎല്‍ സ്‌പേസ് ക്ലബ് അംഗങ്ങളെ ചാന്ദ്രദിനത്തില്‍ ആദരിച്ചു. ഐഎസ്ആര്‍ഒയുടെ ബംഗളൂരുവിലെ യുആര്‍ റാവു ഉപഗ്രഹകേന്ദ്രത്തിന്റെയും ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തിന്റെയും മുന്‍ ഡയറക്റ്റര്‍ ഡോ. പി. കുഞ്ഞിക്കൃഷ്ണനാണ് വിദ്യാര്‍ത്ഥിപ്രതിഭകളെ ഉപഹാരം നല്‍കി ആദരിച്ചത്.

അഭിനന്ദ് പി. എസ്. (രാമാനുജന്‍ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, പോണ്ടിച്ചേരി), ആര്യ രാജ്, എല്‍ദോ സാം വര്‍ഗ്ഗീസ് (ഐസര്‍ കകടഋഞ, തിരുവനന്തപുരം), ആനന്ദ് കൃഷ്ണ (ഐസര്‍, പുനെ), അനാമിക (ഐസര്‍, മൊഹാലി), നന്ദന കെ. പി., ആദില്‍ കൃഷ്ണ പി. (ഐസര്‍ കോല്‍ക്കത്ത), ഭരത് ശ്രീജിത് (ഐഐറ്റി മുംബൈ), ശ്രീറാം ഡി. (ഐപിഎല്‍ ഐഐഎം, റോതെക്), ചാരുദത്ത് ജെ. ജെ., ശ്രേയ സഞ്ജീവ്, എസ്., നവനീത് ഡി. എസ്., പവിത്ര ജെ. ആര്‍., നവനീത് ഷജില്‍, സായൂജ് ആര്‍. (എന്‍ഐറ്റി, കോഴിക്കോട്), ആര്യ സുധാകരന്‍ (മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ഇന്റഗ്രേറ്റഡ് പിഎച്ച്ഡി) എന്നിവരെയാണ് ആദരിച്ചത്.

കോഴിക്കോട് യുഎല്‍ സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ചാന്ദ്രദിന പരിപാടികള്‍ കോഴിക്കോട് എന്‍ഐടി ഡയറക്റ്റര്‍ ഡോ. പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ശാസ്ത്രകൗതുകം വളരാന്‍ നിരീക്ഷണവാസന വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു. അത് കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പ്രാപ്തി നല്‍കും. ”ശാസ്ത്രം പുതുതായി ഒന്നും കണ്ടുപിടിക്കുന്നില്ല. പ്രകൃതിയില്‍ ഉള്ളതിനെ അനാവരണം ചെയ്യല്‍ മാത്രമാണു ചെയ്യുന്നത്. ആ കണ്ടെത്തലുകളുടെ പ്രയോഗമാണ് സാങ്കേതികവിദ്യകള്‍. നിരീക്ഷണമാണ് ശാസ്ത്രകണ്ടുപിടുത്തങ്ങള്‍ക്ക് അടിസ്ഥാനം.” അദ്ദേഹം വിശദീകരിച്ചു.

ബഹിരാകാശദൗത്യങ്ങളില്‍ നമുക്കുള്ള പിന്നാക്കാവസ്ഥ മുന്‍നിരരാജ്യങ്ങള്‍ക്കൊപ്പം എത്താനുള്ള പരിശ്രമത്തിനു ധാരാളം അവസരം നല്‍കുന്നുണ്ടെന്നും ആ രംഗത്തു സ്റ്റാര്‍ട്ടപ്പുകള്‍ക്കു വലിയ സാദ്ധ്യത ഉണ്ടെന്നും ‘ചാന്ദ്ര, ഗ്രഹ പര്യവേഷണങ്ങള്‍’ (Lunar and Planetary Missions) എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. പി. കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.

”2022-ല്‍മാത്രം ലോകത്ത് 186 ബഹിരാകാശവിക്ഷേപണങ്ങള്‍ നടന്നു. പകുതിയും അമേരിക്കയുടേതാണ്. ചൈന 60-ഉം റഷ്യ 20-ഉം വിക്ഷേപണം നടത്തി. ഇക്കൊല്ലം ഇതിനകം നടന്നത് 106 വിക്ഷേപണമാണ്. അതില്‍ 47-ഉം ഒരൊറ്റ സ്വകാര്യ ഏജന്‍സിയാണ് നടത്തിയത്. ലോകത്ത് ഇങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നു. ബഹിരാകാശരംഗത്തെ ഈ മുന്നേറ്റമാണ് അവസരങ്ങളുടെ വൈപുല്യം ഒരുക്കുന്നത്.” കുഞ്ഞിക്കൃഷ്ണന്‍ വിശദീകരിച്ചു.

യുഎല്‍ സ്‌പേസ് ക്ലബ്ബിനു രൂപം നല്‍കിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റര്‍ റ്റി.റ്റി. ഷിജിന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഐഎസ്ആര്‍ഒ മുന്‍ ഡയറക്റ്റര്‍ ഇ.കെ കുട്ടി ചാന്ദ്രദിന സന്ദേശം നല്‍കി. ഐഎസ്ആര്‍ഒ മുന്‍ ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ. ജയറാം, എന്‍ഐറ്റി കാലിക്കട്ടിലെ പ്രൊഫസര്‍ ഡോ. എം.കെ രവിവര്‍മ്മ, കോഴിക്കോട് സര്‍വ്വകലാശാല പ്രൊഫസര്‍ ഡോ. ടി. മുഹമ്മദ് ഷാഹിന്‍, യുഎല്‍ റിസേര്‍ച്ച് സെന്റര്‍ ഡയറക്റ്റര്‍ ഡോ. ഇ.പ. സന്ദേശ്, യു.കെ ഷജില്‍, റ്റി. ദാമോദരന്‍ എന്നിവര്‍ ആശംസാപ്രസംഗം ചെയ്തു.
തുടര്‍ന്ന് ഐഎസ്ആര്‍ഒ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ മുന്‍ ഉദ്യോഗസ്ഥനായ ജോര്‍ജ്ജ് മാത്യു നയിച്ച മോട്ടിവേറ്റിങ് സെഷനും കോഴിക്കോട് എന്‍ഐറ്റിയുടെ റോബോട്ടിക്‌സും നടന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *