ക്വാലാലംപൂര്‍: ഇസ്‌ലാമിക മൂല്യങ്ങളില്‍ ഗവേഷണം നടത്തുന്ന മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാമിക് അണ്ടര്‍സ്റ്റാന്‍ഡിംഗ് മലേഷ്യ(ഐ.കെ.ഐ.എം) യുമായി അക്കാദമിക സഹകരണത്തിന് ധാരണയായി മര്‍കസ് നോളേജ് സിറ്റി. കഴിഞ്ഞ ദിവസം ക്വാലാലംപൂരില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആസ്ഥാനത്ത് മേധാവി ഡോ. മുഹമ്മദ് നൂര്‍ മാനുട്ടിയുമായി മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നടത്തിയ കൂടിക്കാഴ്ചയിലാണ് പരസ്പര സഹകരണം ധാരണയായത്.
വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള സംവാദത്തിനും അന്താരാഷ്ട്ര സെമിനാറുകള്‍ക്കും വേദിയൊരുക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഇസ്‌ലാമിന്റെ യഥാര്‍ഥ സന്ദേശം പ്രചരിപ്പിക്കുന്നതിന് പ്രസിദ്ധീകരണങ്ങളും ഓണ്‍ലൈന്‍ കണ്ടന്റുകളും പുറത്തിറക്കുന്നുണ്ട്. വിശാലമായ മാനു സ്‌ക്രിപ്റ്റ് ലൈബ്രറിയോടെ 1992ലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. സ്വദേശികള്‍ക്കുള്ള മലേഷ്യന്‍ പരമോന്നത ബഹുമതിയായ ടോകോ മാല്‍ ഹിജ്റ കെബാംഗ് സാന്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയ ഡോ. അബ്ദുല്‍ മുനീര്‍ ബിന്‍ യാക്കൂബ് ഐ.കെ.ഐ.എം മുന്‍ ഡയറക്ടറാണ്.
ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയുമായുള്ള കൂടിക്കാഴ്ചയില്‍ ഐ.കെ.ഐ.എം ഡയറക്ടര്‍ ഡോ. മുഹമ്മദ് അസാം ബിന്‍ മുഹമ്മദ് ആദില്‍, കോര്‍പറേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് ഫരീദ് മുഹമ്മദ് ഷഹറാന്‍, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദു സലാം, കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി പങ്കെടുത്തു. മര്‍കസുമായും നോളജ് സിറ്റിയുമായും അക്കാദമിക് സഹകരണത്തിന് ഇന്‍സ്റ്റിറ്റ്യൂട്ട് സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഔദ്യോഗികമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കും. ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പഞ്ചദിന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഡോ. അസ്ഹരി മലേഷ്യയിലെത്തിയത്.