ചാലക്കര പുരുഷു
തലശ്ശേരി: പൈതൃകനഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനത്തിരക്കേറിയ റോഡരികിലുള്ള രണ്ട് ഡസനിലേറെ കെട്ടിടങ്ങള്‍ ഏത് നിമിഷവും തകര്‍ന്ന് വീഴുമെന്ന അവസ്ഥയിലാണ്. ഇവയില്‍ ചിലതില്‍ ഇപ്പോഴും വ്യാപാരം നടക്കുന്നുമുണ്ട്. ചരിത്ര നഗരത്തിന്റെ ഓരങ്ങളില്‍ ചുമരുകള്‍ക്ക് വിള്ളല്‍ വീണും, മുന്‍ഭാഗം തകര്‍ന്നും, തേപ്പ് അടര്‍ന്ന് വീണുമുള്ള പഴഞ്ചന്‍ കെട്ടിടങ്ങള്‍ നാടിനെയും നാട്ടുകാരെയും ആശങ്കയിലാഴ്ത്തുന്നു. ഒ.വി റോഡ്, പഴയ ബസ് സ്റ്റാന്റ് പനങ്കാവ് ലൈന്‍, എം.ജി റോഡ്, ലോഗന്‍സ് റോഡ്, സദാനന്ദ ‘പൈ ജങ്ഷന്‍, ടി.സി മുക്ക്, മഞ്ഞോടി, തായലങ്ങാടി, പാലിശ്ശേരി, ജില്ലാ കോടതി പരിസരം, കടലോര പാണ്ടികശാലാ കെട്ടിടങ്ങള്‍ തുടങ്ങി പട്ടണത്തിന്റെ വിവിധ ഇടങ്ങളിലെല്ലാം നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടങ്ങള്‍ കാണാം. ഇവയില്‍ മിക്കതും നഗര മദ്ധ്യത്തിലും വാഹനത്തിരക്കേറിയ ബസാറുകളിലുമാണ്. മിക്ക കെട്ടിടങ്ങളുടെയും മേല്‍ക്കൂര ദ്രവിച്ച നിലയിലാണുള്ളത്.
പനങ്കാവ് ജങ്ഷനിലെ ജീര്‍ണിച്ച കെട്ടിട സമുച്ഛയം പൊളിച്ചുമാറ്റാന്‍ രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് നഗരസഭ തീരുമാനിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. കാലവര്‍ഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ, ശക്തമായ കാറ്റിനേയും മഴയേയും ഇവ അതിജീവിക്കുമോ എന്ന ഭയപ്പാടിലാണ് നഗരവാസികള്‍ ‘കാലപ്പഴക്കം കൊണ്ട് ജീര്‍ണാവസ്ഥയിലായ ഇത്തരം കെട്ടിടങ്ങള്‍ മഴയില്‍ കുതിര്‍ന്നാല്‍ ഏതു സമയത്തും നിലംപൊത്തിയേക്കാമെന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. കടലോരത്തെ പാണ്ടികശാലകളില്‍ രണ്ടെണ്ണം കഴിഞ്ഞ വര്‍ഷം തകര്‍ന്ന് വീണിരുന്നു.
മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന ഇത്തരം കെട്ടിടങ്ങള്‍ ഉടമകള്‍ സ്വയം പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ നഗരസഭാ അധികൃതര്‍ ഇടപെട്ട് ഉടന്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നഗരവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.