പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 373 റൺസെന്ന നിലയിൽ. ഇഷാൻ കിഷൻ (18*), ആർ. അശ്വിൻ (6*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി വിരാട് കോലി സെഞ്ച്വറി നേടി. കോലിയുടെ 29ാം സെഞ്ച്വറിയും അന്താരാഷ്ട്ര കരിയറിൽ 76ാം സെഞ്ച്വറിയും ആയിരുന്നു ഇത്. 180 പന്തിൽ സെഞ്ചുറിയിലെത്തിയ കോലി 206 പന്തിൽ നിന്ന് 11 ബൗണ്ടറിയടക്കം 121 റൺസെടുത്ത കോലി റണ്ണൗട്ടായി.
അഞ്ചാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം 159 റൺസിന്റെ കൂട്ടുകെട്ടാണ് കോലി പടുത്തുയർത്തിയത്. 2018-ൽ പെർത്തിൽ ഓസ്ട്രേലിയക്കെതിരേ 123 റൺസെടുത്ത ശേഷം വിദേശ മണ്ണിൽ കോലിയുടെ ആദ്യ ടെസ്റ്റ് സെഞ്ചുറി കൂടിയാണിത്.
കോലിക്ക് പിന്നാലെ രവീന്ദ്ര ജഡേജയേയും ഇന്ത്യയ്ക്ക് നഷ്ടമായി. 152 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 61 റൺസെടുത്ത ജഡേജയെ കെമാർ റോച്ചാണ് പുറത്താക്കിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ രോഹിത് ശർമ – യശസ്വി ജയ്സ്വാൾ സഖ്യം ആദ്യ ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. 139 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഓപ്പണിങ് സഖ്യം പിരിഞ്ഞത്.
74 പന്തിൽ നിന്ന് 57 റൺസെടുത്ത ജയ്സ്വാളാണ് ആദ്യം പുറത്തായി. രോഹിത് 143 പന്തിൽ നിന്ന് 80 റൺസെടുത്തു. ശുഭ്മാൻ ഗിൽ (10), അജിങ്ക്യ രഹാനെ (8) എന്നിവർ വീണ്ടും നിരാശപ്പെടുത്തി.