എന്‍.ഐ.ടി.സിയുടെ അഭിമാനം വാനോളം ഉയര്‍ത്തി പൂര്‍വവിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിന്റെ അഭിമാനനിമിഷങ്ങള്‍. ചന്ദ്രയാന്‍- 3 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ എന്‍.ഐ.ടി.സിയുടെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. ഇവിടെനിന്നും പഠിച്ചിറങ്ങിയ എഞ്ചിനീയറിങ് ബിരുദധാരികള്‍. റീജിയണല്‍ എഞ്ചിനീയറിംഗ്‌കോളേജ് ആയിരുന്ന കാലത്തെ ബിരുദധാരികള്‍ മുതല്‍ ഈ അടുത്തവര്‍ഷങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിപോയവര്‍ വരെ ചന്ദ്രയാന്‍-3 ന്റെ വിജയത്തിന് പിന്നില്‍പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നതാണ് സ്ഥാപനത്തിന്റെ അഭിമാനത്തിന് മാറ്റ്കൂട്ടുന്നത്. പല ഡിപ്പാര്‍ട്‌മെന്റുകളില്‍ നിന്നായുള്ള ബിരുദധാരികള്‍ ഐ.എസ്.ആര്‍.ഒയുടെ എന്‍ജിനീയര്‍മാരായും സ്വകാര്യപങ്കാളികളായുമാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ വിക്ഷേപിച്ച ചന്ദ്രയാന്‍-3 ന്റെ ഭാഗമായത്.
കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജിലെ 1973 ബാച്ച് ബിരുദധാരിയായ ഡോ. സുബ്ബറാവു പവുലുരിയാണ് അവരില്‍ പ്രമുഖന്‍. 15 വര്‍ഷംഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.സുബ്ബറാവു 1992 ല്‍ ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അനന്ത് ടെക്‌നോളജീസ് (എ.ടി.എല്‍) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒയുടെ സ്വകാര്യപങ്കാളികളില്‍ മുന്‍പന്തിയില്‍. ഐ.എസ്.ആര്‍.ഒയില്‍ പ്രവര്‍ത്തിച്ച കാലമാണ് തനിക്കു ബഹിരാകാശമേഖലയുടെ സാധ്യതകള്‍ മനസിലാക്കി തന്നതെന്നും അതോടൊപ്പം സംരംഭകത്വമനോഭാവവും കൂടിച്ചേര്‍ന്നതോടെ അനന്ത്‌ടെക്‌നോളോജിസ് സ്ഥാപിച്ചു എന്നും എടിഎല്‍ന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. സുബ്ബറാവുപറഞ്ഞു.
ചന്ദ്രയാന്‍-3 വിജയകരമായി വിക്ഷേപിച്ചതില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പഠിച്ചിറങ്ങിയ ബിരുദധാരികളുടെ പങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് അഭിമാനകരമാണെന്ന് എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫസര്‍ പ്രസാദ് കൃഷ്ണപറഞ്ഞു. ലോകമെമ്പാടുമുള്ള അഭിമാനകരമായ സ്ഥാനങ്ങളില്‍ സ്ഥാപനത്തില്‍നിന്നുള്ള ബിരുദധാരികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ ബിരുദധാരികള്‍ ഉയരങ്ങളിലെത്തുകയും മറ്റുള്ളവര്‍ക്ക് മാതൃകയാകുകയും ചെയ്യുമ്പോള്‍ സ്ഥാപനം കൂടുതല്‍ ഔന്നത്യത്തിലെത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.