ന്യൂഡല്‍ഹി: എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച് എന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്. നേരത്തെ 2020 ലും ഒരു സ്വകാര്യ ബില്ലിൽ ഇതേ വിഷയം ഹൈബി ഈഡൻ പാർലമെന്റിൽ ഉന്നയിച്ചിരുന്നു.
എന്നാല്‍ ആവശ്യം അനുവദിക്കാവുന്നതായോ നിരസിക്കുന്നതായോ പറയാതെ, റിട്ട് പെറ്റീഷന്‍ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
സുപ്രീംകോടതി ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോവെന്നായിരുന്നു ഹൈബിയുടെ ചോദ്യം.
കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നു. വിഷയം സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഈ ആവശ്യം അനാവശ്യമാണെന്നും അപ്രായോഗികമാണെന്നുമുള്ള നിലപാടാണെടുത്തത്.