കോഴിക്കോട്: കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സമിതിയുടെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2024 ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ സംഘടിപ്പിക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് ജില്ല പ്രചാരണോദ്ഘാടനം 23ന് (ഞായര്‍) കോഴിക്കോട്ട് നടക്കും. വൈകീട്ട് നാല് മണിക്ക് ടൗണ്‍ഹാളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പ്രചാരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ പി.ടി അബ്ദുല്‍ മജീദ് സുല്ലമി അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍ കെ.പി രാമനുണ്ണി അതിഥിയായി പങ്കെടുക്കും. പ്രഫ. കെ.പി സകരിയ്യ, അബ്ദുസ്സലാം മുട്ടില്‍, റിഹാസ് പുലാമന്തോള്‍, റാഫി കുന്നുംപുറം എന്നിവര്‍ പ്രഭാഷണം നടത്തും.
ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്ന പുതിയ കാലത്ത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഏകദൈവ വിശ്വാസം, വിശ്വമാനവികത, സഹിഷ്ണുത, ധാര്‍മ്മിക മൂല്യങ്ങള്‍ തുടങ്ങിയവയുടെ സന്ദേശം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുകയെന്നതാണ് സമ്മേളനം പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത്. പ്രസ്ഥാനം തുടര്‍ന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, ആതുരസേവന, ജീവകാരുണ്യ, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണവും ഏകോപനവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സൗഹൃദ കേരളത്തിന്റെ വീണ്ടെടുപ്പിനായി വിപുലമായ കര്‍മ്മ പദ്ധതികളുണ്ടാവും. കേരളീയ സമൂഹത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കും വിധം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന വിധമാണ് സമ്മേളനം ആസൂത്രണം ചെയ്യുന്നത്.
പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഗൃഹസമ്പര്‍ക്കം, സൗഹൃദസായാഹ്നം, മെസേജ് കിറ്റ് വിതരണം, ടേബിള്‍ ടോക്ക്, സന്ദേശ പ്രയാണം, പൊതു പ്രഭാഷണം തുടങ്ങിയവ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പരഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പി.ടി അബ്ദുല്‍ മജീദ് സുല്ലമി (ചെയര്‍മാന്‍, ജില്ല സ്വാഗതസംഘം), എം.അബ്ദുല്‍ റശീദ് മടവൂര്‍, ശുക്കൂര്‍ കോണിക്കല്‍, ഫാദില്‍ നല്ലളം, ബി.വി മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.