മലേഷ്യന്‍ പരമോന്നത പുരസ്‌കാരം കാന്തപുരത്തിന്; ഹിജ്‌റ പുരസ്‌കാരം മലേഷ്യന്‍ രാജാവ് സമ്മാനിച്ചു

മലേഷ്യന്‍ പരമോന്നത പുരസ്‌കാരം കാന്തപുരത്തിന്; ഹിജ്‌റ പുരസ്‌കാരം മലേഷ്യന്‍ രാജാവ് സമ്മാനിച്ചു

ക്വാലാലംപൂര്‍: മലേഷ്യന്‍ മണ്ണില്‍ ഇന്ത്യന്‍ സമൂഹത്തിന് അഭിമാന നിമിഷം. ലോക മുസ്ലിം പണ്ഡിതര്‍ക്കുള്ള പരമോന്നത മലേഷ്യന്‍ ബഹുമതിയായ ഹിജ്‌റ പുരസ്‌കാരം ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് സമ്മാനിച്ചു. ക്വാലാലംപൂര്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മലേഷ്യന്‍ രാജാവ് അല്‍-സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിന്‍ മുക്താര്‍, രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര ദാനം. രാജ്യത്തെ പ്രമുഖ പണ്ഡിതന്മാര്‍, വിവിധ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പൗര സംഘടനാ പ്രതിനിധികളടക്കം തിങ്ങിനിറഞ്ഞ സദസ്സ് ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ലോകസമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമായി പ്രവര്‍ത്തിക്കുന്ന ആ?ഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതര്‍ക്കാണ് 2008 മുതല്‍ എല്ലാ ഹിജ്‌റ വര്‍ഷാരംഭത്തിലും മലേഷ്യന്‍ സര്‍ക്കാര്‍ ഈ അവാര്‍ഡ് സമ്മാനിക്കുന്നത്. സിറിയന്‍ പണ്ഡിതന്‍ ഡോ. വഹബാ മുസ്തഫ അല്‍ സുഹൈലി, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്‌മദ് മുഹമ്മദ് അല്‍ ത്വയ്യിബ്, മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സ തുടങ്ങിയവരാണ് മുന്‍ വര്‍ഷങ്ങളില്‍ ഹിജ്‌റ പുരസ്‌കാരത്തിന് അര്‍ഹരായവരില്‍ പ്രധാനികള്‍.

സ്വദേശത്തും വിദേശത്തും ഇസ്ലാമിന്റെ സ്‌നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥര്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അര്‍പ്പിച്ച അമൂല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് കാന്തപുരത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യന്‍ ഇസ്ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമിക വിജ്ഞാനങ്ങളിലും മൂല്യങ്ങളിലും അഗാധ പാണ്ഡിത്വമുള്ള അദ്ദേഹം വിദ്യാഭ്യാസ, സാമൂഹിക, വികസന രംഗങ്ങളില്‍ വലിയ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്. ഇസ്ലാമിക അധ്യാപനങ്ങള്‍ തെറ്റുദ്ധരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ത്ഥ വസ്തുതകളിലേക്ക് നയിക്കുന്ന ഗവേഷണങ്ങളില്‍ ഏര്‍പ്പെടുകയും പ്രചരിപ്പിക്കുകയും തന്റെ ശിഷ്യഗണങ്ങള്‍ക്ക് അത് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നു. കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

ഹിജറ പുരസ്‌കാരത്തിന് തന്നെ തിരഞ്ഞെടുത്തതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്നും കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പ്രചോദനമാണെന്നും പുരസ്‌കാരം സ്വീകരിച്ച ശേഷം സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പഞ്ചദിന സന്ദര്‍ശനത്തിന് തിങ്കളാഴ്ചയാണ് കാന്തപുരം മലേഷ്യയിലെത്തിയത്. 22ന് സ്വഹീഹുല്‍ ബുഖാരി പണ്ഡിത സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും

 

Share

Leave a Reply

Your email address will not be published. Required fields are marked *