മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ട ബലാത്സംഗം ചെയ്തു; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി, കൂട്ട ബലാത്സംഗം ചെയ്തു; മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷം

ന്യൂഡല്‍ഹി: കലാപം രൂക്ഷമായ മണിപ്പൂരില്‍ നിന്ന് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൂടി പുറത്ത് വന്നതോടെ രാജ്യവ്യാപകമായി പ്രതിഷേധവും, വിമര്‍ശനവും ഉയരുകയാണ്. മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നവ. കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി റോഡിലൂടെ നടത്തുകയും പിന്നീട് സമീപത്തെ വയലില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മേയ് നാലിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാകുന്നു.

നഗ്‌നരായി നടക്കുന്ന സ്ത്രീകള്‍ പുരുഷന്മാരോട് കരഞ്ഞ് യാചിക്കുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നിരന്തരം ഉപദ്രവിക്കുകയാണ്. സ്ത്രീകളെ ഒരു പാടത്തേക്ക് നടത്തിക്കൊണ്ട് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. മെയ്തി വിഭാഗത്തില്‍പെട്ടവരുടെ കൂട്ടമാണ് ഇത് ചെയ്തതെന്ന് ഇന്റിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം ആരോപിച്ചു. ഇവരെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഐടിഎല്‍എഫ് നേതാക്കള്‍ പറഞ്ഞു. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ കുറ്റവാളികള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ നിരപരാധികളായ സ്ത്രീകള്‍ അനുഭവിച്ച ഭയാനതകള്‍ വര്‍ധിക്കുന്നു എന്നും ഐടിഎല്‍എഫ് ചൂണ്ടിക്കാട്ടി.

ബി ഫൈനോം ഗ്രാമം കത്തിനശിച്ചതിന് പിന്നാലെ മെയ് നാലിന് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്പോക്പി ജില്ലയില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സ്ത്രീകളെ കൊണ്ടുപോകുന്നതിന് മുന്‍പ് രണ്ട് പുരുഷന്മാരെ അക്രമികള്‍ കൊലപ്പെടുത്തിയതായി തദ്ദേശീയ ഗോത്ര നേതാക്കളുടെ ഫോറം ആരോപിച്ചു. വീഡിയോ ദൃശ്യങ്ങള്‍ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

ബി ഫൈനോം ഗ്രാമത്തില്‍ വീടുകള്‍ കത്തിനശിച്ചതിന് ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു അഞ്ചാംഗ സംഘത്തെയാണ് അക്രമികള്‍ ആക്രമിച്ചത്. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായിരുന്നത്. പുരുഷന്മാരില്‍ ഒരാളെ ജനക്കൂട്ടം ആദ്യം തന്നെ കൊലപ്പെടുത്തി. തുടര്‍ന്ന് എല്ലാ സ്ത്രീകളെയും വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. സംഘത്തിലെ 20 വയസ്സുള്ള സ്ത്രീയാണ് കൂട്ടബലാത്സംഗത്തിനിരയായത്. മറ്റ് രണ്ട് സ്ത്രീകള്‍ രക്ഷപ്പെട്ടു. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ സഹോദരന്‍ ആക്രമണം തടയാന്‍ ശ്രമിക്കവേ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
മെയ്തി യൂത്ത് ഓര്‍ഗനൈസേഷന്‍, മീതേയ് ലീപുണ്‍, കംഗ്ലെയ്പാക് കന്‍ബ ലുപ്പ്, അറംബൈ ടെങ്കോള്‍, വേള്‍ഡ് മെയ്‌തേയ് കൗണ്‍സില്‍, പട്ടികവര്‍ഗ്ഗ ഡിമാന്‍ഡ് കമ്മിറ്റി എന്നിവയിലെ അംഗങ്ങളാണ് അക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ചോദ്യം ചെയ്ത് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ആം ആദ്മി പാര്‍ട്ടികള്‍ അടക്കം പല നേതാക്കളും രംഗത്ത് വന്നു. സംഭവത്തില്‍ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികളെ ആരെയും പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ‘ ഇന്ത്യ’ക്ക് നിശബ്ദമായിരിക്കാന്‍ ആവില്ല. മണിപ്പൂരിലെ ജനങ്ങളോടൊപ്പമാണ് തങ്ങളെന്നും സമാധാനമാണ് ഏക വഴിയെന്നും രാഹുല്‍ പറഞ്ഞു. ഹൃദയ ഭേദകമായ ദൃശ്യങ്ങളാണ് മണിപ്പൂരില്‍ നിന്ന് വരുന്നതെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും അക്രമത്തിന് നേരെ കണ്ണടച്ചു നില്‍ക്കുന്നു. ഈ ദൃശ്യങ്ങളൊന്നും ഇവരെ അസ്വസ്ഥരാക്കുന്നില്ലേ എന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.
വിമര്‍ശനം ശക്തമായതോടെ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, മണിപ്പൂര്‍ മുഖ്യമന്ത്രിയായി സംസാരിച്ചു. നടന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് വിമര്‍ശിച്ച അവര്‍, സംഭവത്തെ അപലപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍സിങ്ങുമായി താന്‍ സംസാരിച്ചുവെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അന്വേഷണം തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞതായും അവര്‍ ട്വീറ്റ് ചെയ്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *