ന്യൂഡല്‍ഹി: രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരിലെ സംഭവങ്ങളെ ഒടുവില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരേയാണ് മോദി രംഗത്തെത്തിയത്. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് മോദിയുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെ ആക്ഷേപം ഉന്നിയിച്ചിരുന്നു. ‘മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യ നിശബ്ദത പാലിക്കില്ല. ഞങ്ങള്‍ മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി,’ എന്നായിരുന്നു വിഷയത്തില്‍ രാഹുല്‍ ഗാന്ധി യുടെ പ്രതികരണം.
മണിപ്പൂരില്‍ നിന്ന് ഇന്നലെയാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുക്കി വിഭാഗത്തിപ്പെട്ട രണ്ട് സ്ത്രീകളെ മെയ് നാലിന് നഗ്നരാക്കി റോഡിലൂടെ നടത്തുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കാങ്‌പോക്പി ജില്ലയിലെ പോലിസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരിന്നുവെന്നും പോലിസ് വ്യക്തമാക്കി. അജ്ഞാതരായ സായുധരായ അക്രമികള്‍ക്കെതിരേ തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് കേസെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പിന്നീട്, ഈ കേസ് തൗബാലിലെ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തിരുന്നു. നിലവില്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.