മണിപ്പൂരില്‍ നടന്നത് ഭരണഘടന സംവിധാനങ്ങളുടെ വീഴ്ചയെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിര്‍ദേശം നല്‍കി. അതിക്രമ ദൃശ്യങ്ങളെ പരാമര്‍ശിച്ച ചീഫ് ജസ്റ്റിസ് ഡോ. ഡി.വൈ ചന്ദ്രചൂഡ് അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യുവതികളെ നഗ്നരാക്കി നടത്തുന്ന സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ഗുരുതരമായ ഭരണഘടന വീഴ്ചയാണ് നടന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞു.
”ഞങ്ങള്‍ സര്‍ക്കാരിന് കുറച്ച് സമയം നല്‍കും, ഈ കാര്യത്തില്‍ അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും. സര്‍ക്കാര്‍ കാര്യമായി ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണ് ഇത്, ഭരണഘടനാപരമായി ഇത് അസ്വീകാര്യമാണ്,” ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. സാമുദായിക സംഘര്‍ഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജൂലൈ 28 ന് വിഷയം വീണ്ടും പരിഗണിക്കും. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് മണിപ്പൂര്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരുടെ സാന്നിധ്യം ചീഫ് ജസ്റ്റിസ് കോടതിയില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
മെയ് നാലിന് സംഭവിച്ച അതിക്രമത്തിന്റേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ എന്നാണ് സൂചന. ഈ അവസ്ഥയില്‍ നിന്നും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കരുതുന്നില്ല. ക്രിമിനലുകളെ ഉടന്‍ പിടികൂടുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭമാണോ അതോ സ്ഥിരം അതിക്രമമാണോ എന്ന് ആര്‍ക്കറിയാമെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. മണിപ്പൂരിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയും മറ്റ് ഹര്‍ജികള്‍ക്കൊപ്പം അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.
രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് അതിക്രൂരമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സംഭവം നടന്ന് രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. തൗബാലിലെ മെയ്തി ആധിപത്യമുള്ള താഴ്വര ജില്ലയിലാണ് സംഭവം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ അക്രമ സംഭവങ്ങളിലും സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിപക്ഷം ശക്തമായി അപലപിച്ചു. മണിപ്പൂരിലെ വംശീയ കലാപത്തില്‍ പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ‘പ്രധാനമന്ത്രിയുടെ മൗനവും നിഷ്‌ക്രിയത്വവും മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചു. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം ആക്രമിക്കപ്പെടുമ്പോള്‍ ഐഎന്‍ഡിഐഎ നിശബ്ദത പാലിക്കില്ല. മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. സമാധാനമാണ് മുന്നിലുള്ള ഏക വഴി,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.