എ.വി. ഫര്‍ദിസ്
കോഴിക്കോട് – ‘എന്നെ ഉപയോഗപ്പെടുത്താത്ത പ്രവര്‍ത്തകന്മാരിലൊരാളാണ് ഈ ബാബു’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ തന്നെ ചൂണ്ടി ഉമ്മന്‍ ചാണ്ടി പറഞ്ഞ, ഈ വാചകങ്ങളാണ് ഇന്നും ഒന്നും ആഗ്രഹിക്കാതെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലക്ക് പ്രവര്‍ത്തന രംഗത്ത് നില്ക്കുവാന്‍ പ്രചോദനമാകുന്നത്.
കോഴിക്കോട്ടെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി. അനില്‍ ബാബു ഇത് പറയുമ്പോള്‍, അതിന് പിന്നിലും ഒരു കഥയുണ്ട്. അദ്ദേഹത്തിന് ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് കിട്ടിയ നൊബേല്‍ സമ്മാനം പോലെയാണ് ഈ വാചകം.
അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം ഒന്നിനും തന്നെ സമീപിക്കാത്ത പ്രവര്‍ത്തകരെ പോലും തിരിച്ചറിയുന്ന ഉമ്മന്‍ ചാണ്ടി എന്ന നേതാവിന്റെ നല്ല നേതൃഗുണത്തിന്റെ ഉദാഹരണങ്ങളിലൊന്നാണിത്.
‘മരണം വരെ പ്രവര്‍ത്തനരംഗത്ത് സജീവമായി നില്‍ക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്ന വാചകങ്ങളാണിത്, ഒന്നും തിരിച്ചു കിട്ടിയില്ലെങ്കിലും ‘ബാബുവിന് ഇപ്പോഴും ഇത് പറയുമ്പോള്‍ നൂറിരട്ടി ആവേശം തന്നെയാണ്. ഉമ്മന്‍ ചാണ്ടി എന്ന നേതാവ് എങ്ങനെ കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍, സാധാരണക്കാരെ പിടിച്ചു നിറുത്തുവെന്നതിന് കൂടിയുള്ള നിദര്‍ശനമാകുകയാണ് ഇത്തരം സാധാരണക്കാരായ പ്രവര്‍ത്തകരുമായുള്ള ബന്ധത്തിന്റെ കഥ. എന്‍.പി.മൊയ്തീന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായിരിക്കുമ്പോള്‍, ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബാബു. പക്ഷേ ഇപ്പോഴും ഒരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മെമ്പര്‍ എന്ന സ്ഥാനത്തിനപ്പുറം, ഒരധികാരസ്ഥാനത്തുമെത്തിയിട്ടില്ല.
ഉമ്മന്‍ ചാണ്ടി പറഞ്ഞ പോലെ ഒരിക്കല്ലെങ്കിലും ഒരു ശുപാര്‍ശയുമായി ഈ പ്രവര്‍ത്തകന്‍ വന്നെങ്കില്‍ എന്ന് നേതാക്കന്മാര്‍ പോലും പ്രതീക്ഷിച്ചിരുന്നു. ജില്ലയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊന്നും ബാബുവിനെ മറക്കാന്‍ കഴിയില്ല. കാരണം ഘന ഗംഭീരമായ ബാബുവിന്റെ ശബ്ദത്തിലൂടെയാണ് പലപ്പോഴും പാര്‍ട്ടിയുടെ പരിപാടിയുടെ തുടക്കം ഉണ്ടാകാറ്. ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സിലും എനിക്കിടം കിട്ടിയതിങ്ങനെയാണ് – ബാബു പറയുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ മതസൗഹാര്‍ദ്ദ ഗാനങ്ങളുടെ കാസറ്റുകളും ഉമ്മന്‍ ചാണ്ടിക്ക് ഏറെ ഇഷ്ടപെട്ടിരുന്നു. ഇത്തരമൊരു സി.ഡി.യുടെ പ്രകാശനം മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് വെച്ച് ഉമ്മന്‍ ചാണ്ടിയാണ് നിര്‍വഹിച്ചത്.
മുഖ്യമന്ത്രിയായിരിക്കുമ്പോഴും ഫോണില്‍ വിളിച്ചാല്‍ എടുക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. കോണ്‍ഗ്രസിനു വേണ്ടി നിഷ്‌കാമമായി മരണം വരെ പ്രവര്‍ത്തിക്കുവാന്‍ ഇതില്‍പ്പരം എന്തു വേണമെന്ന് ബാബു ചോദിക്കുമ്പോള്‍, അത് ബാബുവിനെ പോലെ അനേകം പ്രവര്‍ത്തകരെ എങ്ങനെ ഒരു നല്ല നേതാവ് ഉണ്ടാക്കുന്നുവെന്ന ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള മറ്റൊരു പാഠപുസ്തകം കൂടിയായി മാറുകയാണ്. കോണ്‍ഗ്രസും ഞാനും ഒരു ഘടകകക്ഷിക്ക് മുന്‍പില്‍ ചെറുതാകുന്നത് രമേശ് ഇഷ്ടപ്പെടുന്നുണ്ടോ? – ഉമ്മന്‍ ചാണ്ടിയുടെ ഈയൊരെറ്റ ചോദ്യമാണ്, ഡി.സി.സി. സെക്രട്ടറി കൂടിയായ രമേശ് നമ്പിയത്തിന്റെ എല്ലാ തീരുമാനങ്ങളെയും മാറ്റി മറിച്ചത്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ അന്‍പതാം വാര്‍ഡ് സി.എം.പി.ക്ക് കൊടുത്തതില്‍ പ്രതിഷേധിച്ചാണ്, രമേശ് വിമതനായി പത്രിക നല്‍കിയത്. ജില്ല കോണ്‍ഗ്രസും സി.എം.പി യുടെ സി.പി. ജോണ്‍ വരെ നേരിട്ട് സംസാരിച്ചിട്ടും രംഗത്തു നിന്ന് പിന്മാറിയില്ല. അവസാനം ആരോ മൂന്നുപതിറ്റാണ്ടായി ചാണ്ടി സാറുമായി നമ്പിയത്തിനുള്ള ബന്ധം ജോണിന് പറഞ്ഞു കൊടുത്തു. അതോടെ ഉമ്മന്‍ ചാണ്ടിയുടെ ഒരു ടെലിഫോണ്‍ കോളില്‍ പ്രശ്‌നം തീര്‍ന്നു. അതും വളരെ ലളിതമായ ഒരു ചോദ്യത്തിലൂടെയും. കണ്ണൂരുട്ടാതെയും ഭീഷണിപ്പെടുത്താതെയും കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ ഉമ്മന്‍ചാണ്ടി എന്ന നേതാവിനുള്ള സ്ഥാനം, സ്വാധീനം എത്രയെന്ന് കാണിക്കുന്നതിന്റെ ചെറിയ ഉദാഹരണങ്ങളിലൊന്നാണ് ഈ രണ്ടു കഥകള്‍. കൂഞ്ഞുഞ്ഞ് എന്ന പുതുപള്ളിക്കാരുടെ നേതാവിനെ പ്രവര്‍ത്തകര്‍ക്കിടയില്‍ ജനകീയനാക്കിയതും ഇങ്ങനെ തന്നെയാണ്.