നാദാപുരം: ബ്രഹ്‌മപുരം സംഭവത്തിനുശേഷം സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വാര്‍ഡ് തല സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് പഞ്ചായത്ത് കുടിയിരിപ്പ് സംഘടിപ്പിച്ചു. പൊതുപ്രവര്‍ത്തകരും സാമൂഹ്യ സന്നദ്ധ ഭാരവാഹികളുമടങ്ങുന്നു ടീം ആണ് വാര്‍ഡ് തല സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. അജൈവ മാലിന്യം വാതില്‍പടി സേവനം, പൊതുസ്ഥലത്തെ മാലിന്യ നിര്‍മാര്‍ജനം, ജലാശയങ്ങളിലെ അജൈവ മാലിന്യം നീക്കം ചെയ്യല്‍, ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ ഉപയോഗം, മാലിന്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ചുള്ള ബോധവല്‍ക്കരണം എന്നീ ഘടകങ്ങളിലാണ് സോഷ്യല്‍ ഓഡിറ്റ് നടത്തിയത്. നിലവില്‍ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനത്തില്‍ പഞ്ചായത്ത് നേരിടുന്ന പ്രശ്‌നങ്ങള്‍, വിടവുകള്‍, പരിഹാരം എന്നിവ നിര്‍ദേശിക്കുന്ന വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചായത്ത് ഭരണസമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതാണ്.
സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാനായി പഞ്ചായത്ത് ഭരണസമിതി യോഗം പ്രത്യേകമായി 27/7/2023 ന് ചേരുന്നതാണ്. കൂടാതെ കഴിഞ്ഞ 3 മാസത്തെ ഹരിതകര്‍മസേന പ്രവര്‍ത്തന റിപ്പോര്‍ട്ട് വാര്‍ഡ് തലത്തില്‍ ക്രോഡീകരിച്ച് തുടര്‍ പ്രവര്‍ത്തനം നടത്തുന്നതാണ്. നൂറിലധികം പേര്‍ പങ്കെടുക്കുന്ന മുഴുവന്‍ പരിപാടികളും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഓഡിറ്റ് നിര്‍ദേശമായി മുന്നോട്ട് വെച്ചിട്ടുണ്ട്. വിശദമായ ബോധവല്‍ക്കരണം വാര്‍ഡ് തലത്തില്‍ നടത്തി അനാരോഗ്യകരമായ ഭക്ഷണശീലം സംബന്ധിച്ചും അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ വേര്‍തിരിച്ച് സൂക്ഷിച്ച് ഹരിത കര്‍മ്മ സേനക്ക് കൈമാറുന്നതിന് പ്രചാരണം നടത്തുവാനും ഇതിനായി ഹരിതകര്‍മസേനക്ക് പരിശീലനം നല്‍കാനും നിര്‍ദേശം ഉണ്ട്. ഹരിത കല്യാണം നടത്തുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുവാനും ഓഡിറ്റ് ടീം ആവശ്യപെടുന്നു.
പഞ്ചായത്ത് തല കുടിയിരിപ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സി സുബൈര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, സോഷ്യല്‍ ഓഡിറ്റ് ടീം അംഗങ്ങളായ എ.കെ ഹരിദാസന്‍, ടി. രവീന്ദ്രന്‍, കെ. കാസിം, കെ.സി ലിനീഷ്, എം. സകരിയ, നോഡല്‍ ഓഫീസര്‍ കെ. സതീഷ് ബാബു, കില തീമാറ്റിക് എക്‌സ്‌പേര്‍ട്ട് കെ. ഫാത്തിമ എന്നിവര്‍ സംസാരിച്ചു.