കോട്ടയം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര കോട്ടയം ജില്ലയില്‍ എത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട വിലാപയാത്ര ചങ്ങനാശ്ശേരി പെരുന്നയിലെത്തിയത് ഇന്ന് പുലര്‍ച്ചയോടെയാണ്. 25 മണിക്കൂര്‍ പിന്നിട്ട വിലാപയാത്രയിലുടനീളം ജനസാഗരമാണ് പിന്തുടര്‍ന്നത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെ അന്ത്യ ശുശ്രൂഷകള്‍ ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായുടെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. സഭയിലെ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരിക്കും. പുരാതനമായ പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.കോട്ടയം തിരുനക്കര മൈതാനത്തിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് എത്തിക്കും. അവിടെ നിന്ന് വിലാപ യാത്രയായാണ് പള്ളിയിലേക്ക് കൊണ്ടുപോകുക.
കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വിലാപയാത്ര, പൊതുദര്‍ശനം, സംസ്‌കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് അവധി. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരസൂചകമായി കോട്ടയത്ത് ഇന്ന് കടകള്‍ അടച്ചിടും. ഹോട്ടലുകള്‍, ബേക്കറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകള്‍ അടച്ചിടാനാണ് മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ തീരുമാനം.
രാഹുല്‍ ഗാന്ധി നെടുമ്പാശ്ശേരിയില്‍, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രാഹുല്‍ സ്വകാര്യ ഹോട്ടലില്‍ വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരിക്കും പുതുപ്പള്ളിയിലേക്ക് പോകുന്നത്.
ഔദ്യോഗിക ബഹുമതിയില്ലാതെയായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നടത്തുക. കുടുംബത്തിന്റെ ആവശ്യാനുസരണമാണ് തീരുമാനം. ഔദ്യോഗിക ബഹുമതിയില്ലാത്ത സംസ്‌കാരമാണ് പിതാവിന്റെ അന്ത്യാഭിലാഷമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചിരുന്നു. ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകുന്നതിന് മുന്‍പ് തന്നെ ഭാര്യ മറിയാമ്മ ഉമ്മനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.