കൊച്ചി: ഇന്ത്യാ ചരിത്രത്തില്‍ ഏറ്റവും ലജ്ജാകരവും പ്രാകൃതവും പൈശാചികവുമായ പ്രവര്‍ത്തനങ്ങളാണ് മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈ ഭീകരാവസ്ഥ നിയന്ത്രിക്കാന്‍ കഴിയാത്ത ഭരണകൂടത്തെ വച്ചുപൊറുപ്പിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഈ ആക്രമണങ്ങള്‍ക്ക് മറുപടി പറയേണ്ടത്. സ്ത്രീകള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത് ലോകത്തിനു മുന്നില്‍ തന്നെ രാജ്യത്തിന് അപമാനമാണ്. മണിപ്പൂരിലെ സഹോദരിമാരെ ഇത്തരം ക്രൂരതകള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നതിന് രാജ്യം മുഴുവന്‍ ലജ്ജിച്ചു തലതാഴ്‌ത്തേണ്ട അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത്.
മണിപ്പൂര്‍ ജനതയ്ക്ക് വേണ്ടി പൊതുസമൂഹം ഒന്നാകെ ഉണര്‍ന്ന് പ്രതികരിക്കണം. പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി ജൂലൈ 21 വെള്ളിയാഴ്ച വൈകിട്ട് വിവിധ കേന്ദ്രങ്ങളില്‍ വനിതകളുടെ നേതൃത്വത്തില്‍ സമാനമനസ്‌കരെയും സംഘടനകളെയും സഹകരിപ്പിച്ച് പ്രതികരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കെ.എല്‍.സി.എ സംസ്ഥാന സമിതി ആഹ്വാനം ചെയ്തതായി പ്രസിഡന്റ് അഡ്വ. ഷെറി.ജെ തോമസ് പറഞ്ഞു. കെ.എല്‍.സി.എ വനിതാ നേതാക്കളായ വിന്‍സി ബൈജു, അഡ്വ. മഞ്ജു ആര്‍.എല്‍, ഷൈജ ടീച്ചര്‍, മോളി ചാര്‍ലി എന്നിവര്‍ നേതൃത്വം നല്‍കും.