എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ആഗസ്റ്റ് ആദ്യ വാരം പരിഗണിക്കുന്നതിനായി സുപ്രീം കോടതി മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് നടപടി. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചെങ്കിലും ശിവശങ്കര്‍ നിരസിച്ചെന്ന് ഇ.ഡി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ മതിയാകില്ലെന്നാണ് ശിവശങ്കര്‍ പറയുന്നതെന്നും ഇ.ഡി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ പോരാ എന്ന് പറയുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.
ഹൈക്കോടതിയിലെ ഇടക്കാല ജാമ്യാപേക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഹര്‍ജി ശിവശങ്കര്‍ പിന്‍വലിക്കുകയായിരുന്നു.