വിലാപയാത്ര അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 20 കിലോമീറ്റര്‍ മാത്രം…

വിലാപയാത്ര അഞ്ച് മണിക്കൂറില്‍ പിന്നിട്ടത് 20 കിലോമീറ്റര്‍ മാത്രം…

കേരള രാഷ്ട്രീയ ചരിത്രത്തിലെ മികച്ച രാഷ്ട്രീയ നേതാവും ജനകീയ നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ ജന്മനാട്ടിലേക്കുള്ള വിലാപയാത്ര തലസ്ഥാനത്തിലൂടെ പോകുമ്പോള്‍ തടിച്ചുകൂടിയത് പതിനായിരങ്ങള്‍. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കാണ് അനന്തപുരി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.

ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ രാവിലെ 7.30 ന് നിന്ന് ആരംഭിച്ച വിലാപയാത്ര അഞ്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആകെ പിന്നിട്ടത് 20 കിലോമീറ്റര്‍ മാത്രം. മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി വാഹനം എം.സി റോഡ് വഴിയാണ് കടന്നുപോകുന്നത്. പ്രത്യേകം സജ്ജീകരിച്ച കെ.എസ്.ആര്‍.ടി.സി ബസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം രമേശ് ചെന്നിത്തല, ഷാഫി പറമ്പില്‍ എം.എല്‍.എ, അന്‍വര്‍ സാദത്ത് അടക്കമുളള നേതാക്കളും അനുഗമിക്കുന്നുണ്ട്. വിലാപയാത്രയോടനുബന്ധിച്ചു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി വഴി കോട്ടയത്തെത്തും. വൈകുന്നേരത്തോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനവും തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്കും കൊണ്ടുപോകും. നാളെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ 3.30നാണ് സംസ്‌കാരം. ചടങ്ങില്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.

പൊതുദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് കോട്ടയത്തെ സ്‌കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറെ നാളായി കാന്‍സര്‍ രോഗത്തിനു ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി, ഇന്നലെ പുലര്‍ച്ചെ 4.25ന് ബംഗളൂരുവിലെ ചിന്‍മയ മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരിച്ചത്. രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹം, 12 തവണയും നിയമസഭയിലേക്കുമെത്തിയത് സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ നിന്നുമായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കുകയും ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിലും പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും കെ.പി.സി.സി ഓഫിസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *