ബംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നാരോപിച്ച് ബംഗളൂരുവില്‍ അഞ്ച് പേര്‍ പിടിയില്‍. ബംഗളുരുവിലെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക പോലിസിന്റെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്റെ നടപടി. ബംഗളൂരു സ്വദേശികളായ സയ്യിദ് സുഹൈല്‍, ഉമര്‍, ജുനൈദ്, മുദ്ദസിര്‍, ജാഹിദ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്ന് ഏഴു നാടന്‍ തോക്കുകള്‍, 12 മൊബൈല്‍ ഫോണുകള്‍, ബോംബ് നിര്‍മാണ വസ്തുക്കള്‍, സിം കാര്‍ഡുകള്‍, സാറ്റലൈറ്റ് ഫോണുകള്‍, വാക്കി ടോക്കികള്‍ എന്നിവ പോലിസ് പിടിച്ചെടുത്തു.
2017 ല്‍ രജിസ്റ്റര്‍ ചെയ്ത കൊലക്കേസില്‍ പ്രതികളായി പരപ്പന അഗ്രഹാര ജയിലില്‍ കഴിഞ്ഞിരുന്ന ഇവര്‍ ഇവിടെ വച്ച് തടിയന്റവിട നസീറിനെ പരിചപ്പെട്ടതോടെയാണ് തീവ്രവാദത്തിലേക്ക് ആകൃഷ്ടരായതെന്ന് പോലിസ് പറഞ്ഞു. 2008ല്‍ ബംഗളുരുവില്‍ നടന്ന സ്‌ഫോടന പരമ്പര കേസില്‍ ഒന്നാം പ്രതിയാണ് തടിയന്റവിടെ നസീര്‍. ഇതേ കേസില്‍ 31ാം പ്രതിയാണ് പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി.
ബംഗളൂരു ആര്‍.ടി നഗറിലെ സുല്‍ത്താന്‍ പല്യയിലെ കനകനഗറില്‍ വാടക വീട്ടില്‍ താമസിച്ചായിരുന്നു ഇവര്‍ ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതെന്നും ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയതെന്നും പോലിസ് പറഞ്ഞു. ബൈക്ക് മെക്കാനിക്കുകളായി ജോലി നോക്കുകയായിരുന്നു പ്രതികള്‍. ജയിലില്‍ നിന്നിറങ്ങിയ ശേഷം നസീറിന്റെ നിര്‍ദേശപ്രകാരം തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടു പ്രതികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവരെ തീവ്രവാദ സംഘടനകളുമായി ബന്ധിപ്പിച്ചിരുന്ന മുഖ്യകണ്ണി ഒളിവിലാണെന്നും സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു.